കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗാസ വെടിനിർത്തൽ പ്രതിഷേധം നിയന്ത്രിക്കാനായില്ലെങ്കിൽ നാഷണൽ ഗാർഡിനെ വിളിക്കാൻ നിർദ്ദേശിച്ചു സ്പീക്കർ മൈക്ക് ജോൺസൺ രംഗത്ത്. പ്രതിഷേധക്കാരെ അടിച്ചമർത്താൻ നാഷണൽ ഗാർഡിനെ ഉടൻ വിളിക്കണമെന്നാണ് ബുധനാഴ്ചത്തെ സന്ദർശനത്തിന് ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടത്.

ജോൺസണും നിരവധി ഹൗസ് റിപ്പബ്ലിക്കൻമാരും ബുധനാഴ്ച ന്യൂയോർക്ക് സിറ്റി ഐവി ലീഗ് സ്‌കൂൾ സന്ദർശിച്ചിരുന്നു. തത്സമയം തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഭയത്തെക്കുറിച്ച് നിരവധി ജൂത വിദ്യാർത്ഥികൾ പരസ്യമായി സംസാരിക്കുകയയും തുടർന്ന് അവിടെ പിരിമുറുക്കം വർദ്ധിക്കുകയും ചെയ്തിരുന്നു. ഇസ്രയേലുമായി ബന്ധമുള്ള കമ്പനികളിലെ കൊളംബിയയുടെ നിക്ഷേപത്തിൽ പ്രതിഷേധിച്ച് കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ബർണാർഡ് കോളേജിൽ പഠിക്കുന്നവരും ക്യാമ്പസിൽ ടെൻ്റ് സിറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.

അതേസമയം ജോൺസൻ്റെ പ്രസംഗത്തിനിടയിൽ വെടിനിർത്തൽ അനുകൂല വിദ്യാർത്ഥി പ്രവർത്തകർ “ഞങ്ങൾക്ക് നിങ്ങളെ കേൾക്കാൻ കഴിയുന്നില്ല” എന്ന രീതിയിൽ പ്രതിഷേധ മുദ്രവാക്യങ്ങൾ വിളിക്കുകയും സ്ഥിതി വഷളാവുകയും ഉണ്ടായി. “നിങ്ങളുടെ സംസാര സ്വാതന്ത്ര്യം ആസ്വദിക്കൂ,” എന്ന് ജോൺസനും ഒരു ഘട്ടത്തിൽ പ്രതിഷേധക്കാരോട് പ്രതികരിച്ചു.

എന്നാൽ നാഷണൽ ഗാർഡിനെ കാമ്പസിലേക്ക് വിളിക്കാൻ പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെടുമോ  എന്ന് പിന്നീട് ചോദിച്ചപ്പോൾ, താൻ പ്രസിഡൻ്റുമായി ഉടൻ സംസാരിക്കുമെനന്നായിരുന്നു ജോൺസന്റെ മറുപടി.

“ഞങ്ങൾ ഈ കാമ്പസുകളിൽ സമാധാനം കൊണ്ടുവരണം. രാജ്യത്തുടനീളം ഇത്തരത്തിൽ ഉള്ള പ്രതിഷേധങ്ങൾ അതിരു കടക്കുന്നത് ഞങ്ങൾക്ക് അനുവദിക്കാനാവില്ല. ഞങ്ങൾ ഇതിനെക്കാൾ മികച്ചവരാണ്” എന്നും  ജോൺസൺ പറഞ്ഞു. ജോൺസൺ പ്രകടനക്കാർക്കെതിരെ സംസാരിക്കുകയും  പ്രതിഷേധത്തിൽ പങ്കെടുത്ത പ്രൊഫസർമാരെയും മറ്റ് ഫാക്കൽറ്റികളെയും കുറിച്ചു പ്രത്യേകമായി അപലപിക്കുകയും ചെയ്തു.