ചെന്നൈ: ചെന്നൈയിലെ കലാക്ഷേത്രയിലെ  ലൈംഗിക പീഡന പരാതിയിൽ മലയാളി അധ്യാപകൻ  അറസ്റ്റിൽ. അധ്യാപകൻ ഷീജിത്ത് കൃഷ്ണ (54) ആണ് അറസ്റ്റിലായത്. 

2007ൽ കലാക്ഷേത്രയിൽ പഠിച്ചിരുന്ന യുവതിയുടെ പരാതിയിലാണ് നടപടി. വിദേശത്തുള്ള യുവതി ഓൺലൈൻ വഴിയാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്. കോടതി നിർദേശപ്രകാരം അഡയാർ വനിതാ പൊലീസ് സെല്ലാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് അധ്യാപകനെ പിടികൂടുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ മലയാളി അധ്യാപകനും പീഡന കേസില്‍ അറസ്റ്റിലായിരുന്നു. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 

കോളേജിലെ മുന്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി. 2023 ഏപ്രിലിലായിരുന്നു ഈ അറസ്റ്റ്. ഈ സംഭവത്തിനുശേഷമാണിപ്പോള്‍ വീണ്ടും സമാനമായ പരാതിയില്‍ കലാക്ഷേത്രയിലെ മറ്റൊരു അധ്യാപകൻ കൂടി അറസ്റ്റിലാകുന്നത്.