പാരീസ്: അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള വിവാദ ബില്‍ ബ്രിട്ടന്‍ പാസാക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷം, ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്ക് ഇംഗ്ലീഷ് ചാനല്‍ കടക്കാനുള്ള ശ്രമത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് കുടിയേറ്റക്കാര്‍ മുങ്ങി മരിച്ചു.

112 പേരുമായി സഞ്ചരിച്ച ബോട്ട് അപകടത്തില്‍ പെട്ടാണ് അഞ്ചു പേര്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ 49 പേരെ രക്ഷപെടുത്തി. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ബ്രിട്ടനിലേക്ക് പോകാന്‍ തീരുമാനിച്ച് ബോട്ടില്‍ തന്നെ തുടര്‍ന്നു.

ഫ്രഞ്ച് കോസ്റ്റ്ഗാര്‍ഡ് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഏഴ് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെയും ഒരു സ്ത്രീയുടെയും മൂന്ന് പുരുഷന്മാരുടെയും മൃതദേഹം ലഭിച്ചെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. 

കരയില്‍ നിന്ന് അധികം അകലെയല്ലാതെ ബോട്ടിന്റെ എഞ്ചിന്‍ നിലച്ചതോടെയാണ് ആളുകള്‍ പരിഭ്രാന്തരായി അപകടമുണ്ടായത്. ബോട്ടില്‍ ശേഷിച്ച 58 പേര്‍ ബോട്ട് സ്റ്റാര്‍ട്ട് ചെയ്ത് ബ്രിട്ടനിലേക്ക് പോയെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഫ്രഞ്ച് തുറമുഖമായ കലൈസിന് തെക്കുപടിഞ്ഞാറായി 32 കിലോമീറ്റര്‍ അകലെയുള്ള വിമെറോയില്‍ നിന്നാണ് ബോട്ട് പുറപ്പെട്ടത്.