വാഷിംഗ്ടണ്‍: യേല്‍, കൊളംബിയ, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ നിരവധി യുഎസ് സര്‍വ്വകലാശാലകളില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡനെ കുറ്റപ്പെടുത്തി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹഷ് മണി കേസിലെ വിചാരണയ്ക്കായി മാന്‍ഹട്ടന്‍ കോടതിയില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് ട്രംപ് ബൈഡനെതിരെ പരാമര്‍ശം നടത്തിയത്.

‘കോളേജ് തലത്തില്‍ എന്താണ് നടക്കുന്നത് … കൊളംബിയയും എന്‍യുയുവും മറ്റുള്ളവയും നാണക്കേടാണ്. ഇതിന്റെ ഉത്തരവാദിത്തം ശരിക്കും ബൈഡനാണ്,’ കോടതി മുറിക്ക് പുറത്ത് ട്രംപ് പറഞ്ഞു.

‘അദ്ദേഹത്തിന് തെറ്റായ ആശയമാണുള്ളത്. അദ്ദേഹം ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ല. അതൊരു കുഴപ്പമാണ്. ഈ സംഭവിക്കുന്നത് നമ്മുടെ രാജ്യത്തിന് നാണക്കേടാണ്, അതെല്ലാം ബൈഡന്റെ പിഴവാണ്. അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല,’ ട്രംപ് കൂട്ടിച്ചേര്‍ത്തു. 

യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റാണ് ബൈഡനെന്നും ട്രംപ് കുറ്റപ്പെടുത്തി. ബൈഡന്‍ ഇസ്രായേലിന്റെയോ അറബ് ലോകത്തിന്റെയോ സുഹൃത്തല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. 

‘ഇതെല്ലാം ആരംഭിക്കുന്നത് ജോ ബൈഡനില്‍ നിന്നാണ്. അദ്ദേഹം പുറപ്പെടുവിക്കുന്ന സന്ദേശങ്ങള്‍ വളരെ മോശമാണ്. അദ്ദേഹം ഇസ്രായേലിന്റെ സുഹൃത്തല്ലെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും, അത് ഉറപ്പാണ്. അദ്ദേഹം അറബ് ലോകത്തിന്റെ സുഹൃത്തുമല്ല,’ ട്രംപ് പറഞ്ഞു.

അതേസമയം പ്രസിഡന്റ് ജോ ബൈഡന്‍ യൂണിവേഴ്‌സിറ്റികളിലെ ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധത്തെ അപലപിച്ചു. ‘ഞാന്‍ യഹൂദവിരുദ്ധ പ്രതിഷേധങ്ങളെ അപലപിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ അത് കൈകാര്യം ചെയ്യാന്‍ ഒരു പരിപാടി തയ്യാറാക്കിയത്. പാലസ്തീനികളുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാത്തവരെയും ഞാന്‍ അപലപിക്കുന്നു,’ ബൈഡന്‍ പറഞ്ഞു.