ഡൽഹി: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് യുഎസ്. യു.എസ്.സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മണിപ്പൂരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വലിയതോതില്‍ ആക്രമണമുണ്ടായതായി ഡിപാര്‍ട്മെന്‍റിന്‍റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിൽ  പരാമര്‍ശിക്കുന്നു.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണെന്നും ബിബിസി ഓഫിസിലെ ആദായ നികുതി പരിശോധന ചൂണ്ടിക്കാട്ടി യുഎസ് ആരോപിക്കുന്നു. 

മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ബാധിത സമുദായങ്ങളും മണിപ്പൂരിലെ അക്രമം തടയുന്നതിനും മാനുഷിക സഹായം നൽകുന്നതിനുമുള്ള നടപടി വൈകിയതിനു കേന്ദ്ര സർക്കാരിനെ വിമർശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 

മെയ്തേയ്, കുക്കി, മറ്റ് സ്വാധീനമുള്ള സമുദായങ്ങൾ എന്നിവയ്ക്കിടയിൽ അനുരഞ്ജന പ്രക്രിയ പ്രോത്സാഹിപ്പിക്കാനും സമയബന്ധിതമായി നടപടി സ്വീകരിക്കാനും സർക്കാരിനോട് അഭ്യർഥിച്ചുവെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.