ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ മുസ്ലിങ്ങള്‍ക്കാണ് മുന്‍ഗണന എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദിയെ പ്രകടനപത്രിക കാണിക്കാന്‍ സന്ദര്‍ശന സമയം ആവശ്യപ്പെട്ട അധ്യക്ഷന്‍ അത്തരമൊരു പ്രസംഗത്തിലൂടെ വര്‍ഗീയതയും മതസ്പര്‍ധയും വളര്‍ത്താനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും കുറ്റപ്പെടുത്തി. രാജസ്താനില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെക്കുറിച്ച് ആരോപണം ഉന്നയിച്ചത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവര്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കുമായി രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ തീറെഴുതിക്കൊടുക്കുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

പ്രധാനമന്ത്രിയുടെ വാക്കുകള്‍:

മുസ്ലിങ്ങള്‍ക്കാണ് രാജ്യത്തിന്റെ സമ്പത്തില്‍ പ്രഥമ അവകാശം എന്നാണ് നേരത്തെ അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞത്. അതിന്റെ അര്‍ഥം അവര്‍ രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നല്ലേ? നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് കൊടുക്കാന്‍ നിങ്ങള്‍ തയാറാകുമോ?

അമ്മമാരുടെയും പെണ്‍കുട്ടികളുടെയും കയ്യിലുള്ള സ്വര്‍ണം പിരിച്ചെടുത്ത് മുസ്ലിങ്ങള്‍ക്ക് കൊടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്നത്. രാജ്യത്തിന്റെ സമ്പത്തില്‍ പ്രഥമ അവകാശം മുസ്ലിങ്ങള്‍ക്കാണ് എന്നാണ് മന്‍മോഹന്‍സിംഗ് സര്‍കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പറഞ്ഞത്. സഹോദരീ സഹോദരന്മാരേ, എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും താലിമാല പോലും ഈ ‘അര്‍ബന്‍ നക്സലുകള്‍’ വെറുതെവിടില്ല- എന്നുമായിരുന്നു മോദിയുടെ പ്രസംഗം.

എന്നാല്‍ ഗുജറാതില്‍ മോദി നടത്തിയത് വിദ്വേഷപ്രസംഗമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരിച്ചടിച്ചു. തന്ത്രപരമായി ആവിഷ്‌കരിച്ച പ്രസംഗമായിരുന്നു അതെന്ന് പറഞ്ഞ ഖാര്‍ഗെ ജനങ്ങളില്‍ തെറ്റിദ്ധാരണയും അതുവഴി പരിഭ്രാന്തിയും സൃഷ്ടിക്കുക, അതിലൂടെ ബിജെപിയുടെ ഭരണ പോരായ്മകളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക. ഈ തന്ത്രമാണ് മോദി ഗുജറാതില്‍ നടത്തിയത് എന്നും കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഹിന്ദു, മുസ്ലിം എന്നീ വാക്കുകള്‍ പോലും ഉപയോഗിച്ചിട്ടില്ല എന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

ഭരണത്തിലെത്താന്‍ നുണകള്‍ പറയുക, പ്രതിപക്ഷപാര്‍ടിയെ കുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നതിലൊക്കെ നേതാക്കള്‍ക്കും അണികള്‍ക്കും മികച്ച പരിശീലനമാണ് സംഘപരിവാറും ബിജെപിയും നല്‍കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. പക്ഷേ ഇന്‍ഡ്യയിലെ 140 കോടി ജനങ്ങള്‍ ഈ നുണപ്രചാരണങ്ങളില്‍ വീഴില്ല. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഓരോ ഇന്‍ഡ്യക്കാരനും വേണ്ടിയുള്ളതാണെന്നും ഖാര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടനപത്രികയുടെ അടിസ്ഥാനം തന്നെ ‘സത്യം’ എന്നതാണ്. ഓരോ ഇന്‍ഡ്യക്കാരനും നീതിയും സമത്വവും ഉറപ്പുവരുത്തുന്ന പദ്ധതികളാണ് അതില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. പരസ്യമായി വീണ്ടും വിദ്വേഷ പ്രസംഗം നടത്തി തുടങ്ങിയതിലൂടെ നാം മനസിലാക്കേണ്ടത് മോദി എന്ന ഏകാധിപതിയുടെ അടിത്തറ ഇളകിത്തുടങ്ങി എന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമിഷനെ സമീപിച്ചെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല എന്നും ഖാര്‍ഗെ പറഞ്ഞു.