ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ  നടത്തിയ പ്രസംഗത്തിലെ മുസ്ലീം പരാമ‍ര്‍ശത്തിൽ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.  

വിവാദ പരാമ‍ശം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. 

മുസ്ലിംങ്ങളെന്ന് പ്രത്യേകം പരാമ‍ര്‍ശിച്ച് വ‍ര്‍ഗീയത പരത്തുന്ന പ്രസംഗമാണ് മോദി നടത്തിയതെന്ന്, കോൺഗ്രസ് എല്ലാ സമ്പത്തും മുസ്ലിംങ്ങൾക്ക് നൽകുന്നുവെന്ന മോദിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം  പറയുന്നു. വിദ്വേഷ പ്രസംഗത്തിലൂടെ പെരുമാറ്റച്ചട്ട ലംഘനം നടത്തി. 

പ്രധാനമന്ത്രിക്കെതിരെ ശക്തമായ നിലപാട് കമ്മീഷൻ സ്വീകരിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു.  

അതേസമയം പരാമ‍ര്‍ശത്തിൽ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷൻ മറുപടി നൽകിയില്ല. തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന വിമ‍ര്‍ശനം ശക്തമാകുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശത്തിലും പ്രതികരിക്കാനില്ലെന്ന കമ്മീഷന്റെ ഒഴിഞ്ഞുമാറ്റം.