സ്ലംഡോഗ് മില്യണയറിലെ ‘ജയ് ഹോ’ എന്ന ഗാനം ആർക്കാണ് മറക്കാൻ കഴിയുക. ഈ ഗാനത്തിന് എആർ റഹ്‌മാന് ഓസ്കാർ അവാർഡും ലഭിച്ചു. എന്നാൽ 16 വർഷങ്ങൾക്ക് ശേഷം ഈ ഗാനം വീണ്ടും ചർച്ചയായിരിക്കുകയാണ്. അതിനു കാരണമായത് മുതിർന്ന സംവിധായകൻ രാം ഗോപാൽ വർമ്മയാണ്.

ഈ ഗാനം കംപോസ് ചെയ്തത് എ ആർ റഹ്‌മാൻ അല്ല, സിനിമ ഗായകൻ സുഖ്‌വീന്ദർ സിംഗ് ആണെന്ന് അടുത്തിടെ നടത്തിയ അഭിമുഖത്തിൽ രാം ഗോപാൽ വർമ്മ അവകാശപ്പെട്ടിരുന്നു. എന്നാൽ ഗായകൻ സുഖ്‌വീന്ദർ സിംഗ് തന്നെ യാഥാർഥ്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമ്മ വിവാദ പരാമർശങ്ങൾ നടത്തിയത്.

സുഖ്‌വീന്ദർ സിംഗിന്റെ പ്രതികരണം

എആർ റഹ്‌മാനിൽ നിന്ന് ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രസ്താവന വരുന്നതിന് മുമ്പ് തന്നെ സുഖ്‌വീന്ദർ സിംഗ് ചർച്ചകളോട് പ്രതികരിച്ചു. ഈ ഗാനം തൻ്റേതല്ലെന്നും പൂർണമായും എആർ റഹ്മാൻ്റേതാണെന്നും സുഖ്‌വീന്ദർ സിംഗ് പറഞ്ഞു. ‘എ ആർ റഹ്മാൻ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്, ഞാൻ അത് പാടിയത് മാത്രമാണ്. രാം ഗോപാൽ വർമ്മ ഒരു വലിയ സംവിധായകനാണ്, അദ്ദേഹത്തിന് ഒരുപക്ഷേ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിരിക്കാം’, സുഖ്‌വീന്ദർ സിംഗിനെ ഉദ്ധരിച്ച് ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്‌തു.

ഈ ഗാനം എഴുതിയത് മുതിർന്ന ഗാനരചയിതാവ് ഗുൽസാറാണെന്നും സുഖ്‌വീന്ദർ സിംഗ് പറഞ്ഞു. എ ആർ റഹ്‌മാൻ ഈ ഗാനം ഇഷ്ടപ്പെടുകയും മുംബൈയിലെ ജുഹുവിലുള്ള സുഖ്‌വീന്ദർ സിങ്ങിൻ്റെ സ്റ്റുഡിയോയിൽ വെച്ച് ഗാനം ചിട്ടപ്പെടുത്തുകയുമായിരുന്നു. സംവിധായകൻ സുഭാഷ് ഘായിയുടെ യുവരാജ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം ആദ്യമായി ചിട്ടപ്പെടുത്തിയത്.

സൽമാൻ ഖാൻ, കത്രീന കൈഫ്, അനിൽ കപൂർ, സായിദ് ഖാൻ തുടങ്ങിയ താരങ്ങൾ ഈ ചിത്രത്തിലുണ്ടായിരുന്നു. എ ആർ റഹ്‌മാന്റെ പാട്ടിനെ പുകഴ്ത്തിയ സുഭാഷ് ഘായ് ഈ ഗാനം തന്റെ കഥാപാത്രത്തിന് ചേരില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഒരു വികൃതിയായിരുന്നു സുഭാഷ് ഘായിയുടെ സിനിമയിലെ കഥാപാത്രം. കൂടുതൽ ‘മസാല പാട്ട്’ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

പിന്നീട് ഈ ഗാനം സ്ലംഡോഗ് മില്യണയറിൽ ഉപയോഗിക്കുകയും ഗാനം സൂപ്പർഹിറ്റാകുകയും ചെയ്തു. ദേവ് പട്ടേൽ, ഫ്രീസ പിൻ്റോ, റുബീന അലി, മധുര് മിത്തൽ, ഇർഫാൻ ഖാൻ, അനിൽ കപൂർ തുടങ്ങിയ താരങ്ങൾ 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഡാനി ബോയ്‌ലാണ് ചിത്രം സംവിധാനം ചെയ്തത്.