തിരുവനന്തപുരം: മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . കരുവന്നൂർ കേസിൽ ഏറ്റവും പാവപ്പെട്ടവരുടെ പണമാണ് അടിച്ചുമാറ്റിയത്.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂർ ബാങ്കിലെ കൊള്ളക്കാരെ മുഴുവൻ സംരക്ഷിച്ചതെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘‘ഒരു എഴുത്തുകാരൻ എഴുതിയിട്ടുണ്ട്, ‘കസവുകെട്ടിയ പേടിത്തൊണ്ടൻമാർ’ എന്ന്. മുഖ്യമന്ത്രിക്കു ചേരുന്ന ഏറ്റവും നല്ല പദം ‘കസവുകെട്ടിയ പേടിത്തൊണ്ടൻ’ എന്നാണ്. വലിയ കൊമ്പത്തെ ആളാണ്. എന്നാൽ‌ മനസ്സു മുഴുവൻ പേടിയാണ്.’’ –സതീശൻ‌ പറഞ്ഞു. 

‘ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കാൻ  വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞ 35 ദിവസമായി ആക്രമണം നടത്തുന്നത്. മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് അദ്ദേഹം അന്വേഷിക്കുന്നത്. 

 ബിജെപി നടത്തുന്ന വർഗീയ ധ്രുവീകരണം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്നത്. കേരളത്തിൽ ബിജെപിക്ക് ഒരിടം നൽകാനാണ് സിപിഎം ശ്രമമെന്നും സതീശൻ ആരോപിച്ചു.