എസ്എഫ്ഐയെ(SFI) വീണ്ടും വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(Kerala Governor Arif Mohammad). തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല(protest), ആക്രമണമാണ്. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ താൻ ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാൽ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. പ്രതിഷേധങ്ങൾക്കും എതിർ അഭിപ്രായങ്ങൾക്കും ജനാധിപത്യത്തിൽ സ്ഥാനമുണ്ട്. പക്ഷെ അക്രമങ്ങൾക്ക് സ്ഥാനമില്ല. ആക്രമണങ്ങൾ താൻ ഇതിന് മുമ്പും നേരിട്ടുണ്ട്. ഇതിലും മോശമായത് നേരിട്ടിട്ടുണ്ട്. അക്രമം ജനാധിപത്യവിരുദ്ധമെന്നും ​ഗവർണർ ചൂണ്ടിക്കാട്ടി. 

അതേസമയം രാജ്ഭവന് കിട്ടേണ്ട പണം പോലും അനുവദിക്കുന്നില്ലെന്ന കാര്യങ്ങൾ ഒക്കെ മാധ്യമങ്ങൾ തന്നെ റിപോർട്ട് ചെയ്തതാണെന്ന് ഗവർണർ പറഞ്ഞു. പ്രധാനമന്ത്രിയെ താൻ ഒന്നും നേരിട്ട് അറിയിച്ചിട്ടില്ല. പക്ഷെ രാഷ്ട്രപതിക്ക് എല്ലാ മാസവും റിപ്പോർട്ട് നൽകുന്നുണ്ട്. അതിൽ കേരളത്തിലെ സംഭവവികാസങ്ങൾ അറിയിച്ചിട്ടുണ്ട്. അത് തന്റെ ഉത്തരവാദിത്വമാണെന്നും ​ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.