ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചു. ഈ മാസം 21,22 തീയതികളില്‍ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താനും ടെസ്‌ലയുടെ വൈദ്യുത കാര്‍ നിക്ഷേപത്തിന്റെ പ്രഖ്യാപനം നടത്താനുമായിരുന്നg സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. 

പ്രധാനമന്ത്രി മോദിയെ കാണാന്‍ കാത്തിരിക്കുകയാണെന്ന് ഏപ്രില്‍ പത്തിനായിരുന്നു മസ്‌ക് ട്വീറ്റ് ചെയ്തത്. മസ്‌കിന്റെ വരവ് റദ്ദാക്കിയത് ഇന്ത്യന്‍ ബിസിനസ് ലോകത്തിന് നിരാശയായി മാറി. പുതുക്കിയ തീയതിയോ യാത്ര മാറ്റിവച്ചതിന്റെ കാരണങ്ങളോ മസ്‌കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരും ഇതുസംബന്ധിച്ച് പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.