ന്യൂഡൽഹി: ഇന്ത്യ-മാലദ്വീപ് നയതന്ത്ര തർക്കത്തിന് ശേഷം ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇടിവ്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ മാലദ്വീപിലേക്ക് പോയ ‌ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായത്.

ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 34,847 ഇന്ത്യക്കാരാണ് മാലദ്വീപ് സന്ദർശിച്ചത്. കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 38 ശതമാനം ഇടിവാണ് ഇത്തവണയുണ്ടായത്. ജനുവരിയിൽ 12,792 വിനോദസഞ്ചാരികളും ഫെബ്രുവരിയിൽ 11,522 പേരും മാർച്ചിൽ 8,322 ഇന്ത്യക്കാരുമാണ് മാലദ്വീപ് സന്ദർശിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലദ്വീപിലെ മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളാണ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചത്. പ്രധാനമന്ത്രിയെയും ഭാരതത്തെയും അവഹേളിക്കുന്ന തരത്തിൽ മന്ത്രിമാൻ സമൂഹമാദ്ധ്യമങ്ങളി‍ൽ പോസ്റ്റ് പങ്കുവക്കുകയായിരുന്നു. ഇത് വിവാദമായതോടെ മൂന്ന് മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്പെൻഡ് ചെയ്തിരുന്നു.

 ഇന്ത്യയുമായുള്ള സൗഹൃദം തുടരാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് അടുത്തിടെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു രം​ഗത്തെത്തിയിരുന്നു. ഭാരതം മാലദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളാണെന്നും നിരവധി സഹായങ്ങൾ മാലദ്വീപിനായി നൽകിയിട്ടുണ്ടെന്നും മൊയ്‌സു പറഞ്ഞു. വായ്പ തിരിച്ചടയ്‌ക്കാനുള്ള സാവകാശം ചോദിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പരാമർശിച്ചത്.