തിരുവനന്തപുരം: കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്. സിബിഐയും ഇഡിയും രാഷ്ട്രീയപ്രേരിതമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. അഴിമതി തുടച്ച് നീക്കണമെങ്കിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

മുന്നൂറോളം സഹകരണ ബാങ്കുകൾ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുണ്ട്. ഒരുലക്ഷം കോടിയോളം രൂപ ബാങ്കുകൾ കൈകാര്യം ചെയ്യുന്നു. ബാങ്കുകൾ ഭരിക്കുന്നവർ ഈ പണം ഉപയോഗിച്ച് വസ്തുവകകൾ വാങ്ങിക്കൂട്ടി. ഇഡിയെ താൻ നിയന്ത്രിക്കുന്നില്ലെന്നും മോദി പറഞ്ഞു. അഴിമതി തുടച്ച് നീക്കണമെങ്കിൽ ഇഡിയെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കണം. പ്രധാനമന്ത്രിക്കാണെങ്കിൽ പോലും ഇഡിയെ തടസ്സപ്പെടുത്താൻ അധികാരമില്ല. ഇഡി കേസുകളിൽ രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവ 3 ശതമാനം മാത്രമാണ്. യുപിഎ കാലത്തേക്കാൾ കാര്യക്ഷമമായി ഇഡി പ്രവർത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. 

”സാധാരണ മനുഷ്യർക്ക് നേരെയുള്ള കുറ്റകൃത്യമായത് കൊണ്ടാണ് ഈ വിഷയം ഞാൻ ഉയർത്തിയത് പലവിധ ആവശ്യങ്ങൾക്കായി പാവങ്ങൾ‍ ബാങ്കിൽ സൂക്ഷിച്ച പണമാണത്.  കർഷകരും തൊഴിലാളികളുമെല്ലാം കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണത്. മുന്നൂറോളം സഹകരണ ബാങ്കുകൾ കേരളത്തിൽ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുണ്ട്. ഒരു ബാങ്കുമായി ബന്ധപ്പെട്ട 90 കോടി രൂപയുടെ സമ്പാദ്യം ഇഡി പിടിച്ചെടുത്തു. ഈ പണം ബാങ്കിലെ നിക്ഷേപകർക്ക് തിരികെ നൽകാനാണ് ശ്രമം. ഇതിനായി എന്തുചെയ്യാമെന്ന് നിയമോപദേശം തേടി. പണം തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോടും ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതുപോലെ പിടിച്ചെടുത്ത 17,000 കോടി രൂപ രാജ്യത്താകമാനം ഞങ്ങൾ തിരികെ നൽകിയിട്ടുണ്ട്. എനിക്കിത് തെരഞ്ഞെടുപ്പ് വിഷയമല്ല, സധാരണ ജനങ്ങളുടെ ജീവിത പ്രശ്നമാണിത്.” പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച് അഭിമുഖത്തില്‍ പറഞ്ഞു.

ഇഡി പലവിധത്തിലുള്ള സാമ്പത്തിക അഴിമതികളും അന്വേഷിക്കുന്നുണ്ട്. അതിൽ സർക്കാർ ഉദ്യോഗസ്ഥർ, മയക്കുമരുന്ന് മാഫിയ നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാം വരും. ഇഡി കേസുകളിൽ രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവ 3 ശതമാനം മാത്രമണ്. 2014 ന് മുന്പ് 1800ൽ താഴെ കേസുകളായിരുന്നു ഇഡി രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ പത്തുവർഷത്തിനിടെ 5000ത്തിന് മുകളിൽ കേസുകളെടുത്തു. യുപിഎ കാലത്ത് അയ്യായിരം കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. എന്നാൽ ഞങ്ങളുടെ കാലത്ത് 1.25 ലക്ഷം കോടിയുടെ സ്വത്ത് കണ്ടുകെട്ടാനായി. ഇഡിയുടെ കാര്യക്ഷമത ഇത് തെളിയിക്കുന്നു. അഴിമതി തുടച്ച് നീക്കണമെങ്കിൽ ഇതുപോലുള്ള സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കണം. രാഷ്ട്രീയക്കാർ കൈകടത്താൻ പാടില്ല. പ്രധാനമന്ത്രിക്കാണെങ്കിൽ പോലും ഇഡിയെ തടസ്സപ്പെടുത്താൻ അധികാരമില്ലെന്ന് മോദി വിശദമാക്കി.