മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വർധിക്കുന്നതായി അവകാശപ്പെട്ട് കമ്പനി. ടെലഗ്രാം കാട്ടുതീ പോലെ പ്രചരിക്കുകയാണെന്നും ഒരു വർഷം കൊണ്ട് ടെലഗ്രാമിന്റെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖത്തിൽ ടെലഗ്രാം സ്ഥാപകനായ പാവെൽ ദുരോവ് പറഞ്ഞു.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യൻ സോഷ്യൽ മീഡിയാ വെബ്സൈറ്റായ വികെയുടെ സഹസ്ഥാപകനാണ് പാവെൽ ദുരോവ്. വികെയെ റഷ്യൻ ഭരണകൂടം ഏറ്റെടുത്തതോടെ പാവെൽ ദുരോവും സഹസ്ഥാപകനായ സഹോദരൻ നികോളായും വികെ വിട്ടു. 

2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്. റഷ്യയിൽ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെട്ട രാജ്യങ്ങളിൽ ഇപ്പോഴും വലിയ സ്വാധീനം ടെലഗ്രാമിനുണ്ട്. ടെലഗ്രാമിലെ പ്രതിപക്ഷ അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള സർക്കാരിന്റെ സമ്മർദ്ദം അംഗീകരിക്കാത്ത ദുരോവ് റഷ്യ വിടുകയായിരുന്നു. ബ്രിട്ടീഷ് വിർജിൻ ഐലന്റ്സിലും ദുബായിലും കമ്പനിയായി രജിസ്റ്റർ ചെയ്ത ടെലഗ്രാമിന്റെ അണിയറ പ്രവർത്തകർ ഭരണകൂട സ്വാധീനത്തെ മറികടക്കാൻ ലോകത്തിന്റെ പലഭാഗങ്ങളിൽ മാറി മാറിയാണ് പ്രവർത്തിച്ചുവരുന്നത്.

ഫോർബ്സിന്റെ കണക്കനുസരിച്ച് 1550 കോടിയുടെ ആസ്തിയുള്ള വ്യവസായിയാണ് പാവെൽ ദുരോവ്. പല ഭരണകൂടങ്ങളും തന്നെ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തിൽ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്നും അദ്ദേഹം പറഞ്ഞു.