കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിത്തായി കോട്ടയത്ത് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വോട്ട് ചോദിച്ചത് ‘ഇൻഡ്യ’ മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടിയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി. ഇൻഡ്യ മുന്നണിയുടെ സ്ഥാനാർത്ഥി തോമസ് ചാഴികാടനാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇൻഡ്യ മുന്നണിയുടെ അഭിവാജ്യ ഘടകമാണ് കേരള കോൺഗ്രസ് (എം). മുന്നണി രൂപീകരണം മുതൽ താനും തോമസ് ചാഴികാടൻ എംപിയും പാർലമെന്റിലും പുറത്തും ഇൻഡ്യ മുന്നണിയുടെ പ്രവർത്തനത്തിന് പിന്തുണ നൽകിയിട്ടുണ്ട്. ലോക്സഭയിൽ ഇൻഡ് മുന്നണി നടത്തിയ പ്രതിഷേധങ്ങളിൽ തോമസ് ചാഴികാടൻ മുൻപന്തിയിലുണ്ടായിരുന്നു.

ഇക്കാര്യങ്ങൾ രാഹുൽ ഗാന്ധിക്ക് അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെയാണ് രാഹുൽ ഗാന്ധി ഇൻഡ്യ മുന്നണിയുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ആവശ്യപ്പെട്ടത്. സ്ഥാനാർത്ഥിയുടെ പേരിലല്ല, പ്രവൃത്തിയിലും വിശ്വാസ്യതയിലും ആണ് കാര്യമെന്ന് രാഹുൽ ഗാന്ധിക്ക് അറിയാം. യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാലുമാറ്റ ചരിത്രം രാഹുൽ ഗാന്ധിക്ക് അറിയാമെന്നും ജോസ് കെ മാണികൂട്ടിച്ചേർത്തു.

ജോസഫ് വിഭാഗം നേതാവും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന സജി മഞ്ഞകടമ്പിൽ ബിജെപി പാളയത്തിൽ എത്തിയതിൽ പി ജെ ജോസഫ് മറുപടി പറയണം. യുഡിഎഫിന്റെ ജില്ലയിലെ ഒന്നാമത്തെ നേതാവ് ആണ് ബിജെപിയിൽ എത്തിയത്. ഇന്നത്തെ യുഡിഎഫ് നാളെത്തെ ബിജെപിയായി മാറുകയാണ്. ഇനി ബി ജെ പിയിലേക്ക് പോകുന്നത് യുഡിഎഫ് സ്ഥാനാർത്ഥിയായിരുക്കും. അദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ അറിയാവുന്ന എല്ലാവർക്കും ഇക്കാര്യം ബോധ്യമുള്ളതാണെന്നും ജോസ് കെ മാണി പറഞ്ഞു.