തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ വിശദീകരണവുമായി സിബിഐ. രക്തംപുരുണ്ട വസ്ത്രം കേരള പോലീസിന് ലഭിച്ചില്ലെന്നും ജെസ്ന ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. രക്തംപുരുണ്ട വസ്ത്രം സിബിഐക്ക് ലഭിച്ചില്ല. ഈ വസ്ത്രം വീട്ടിൽ നിന്നും ലഭിച്ചിരുന്നുവെങ്കിൽ പോലീസിൻ്റെ റെക്കോഡിൽ ഉണ്ടാകുമായിരുന്നു. അത്തരം രേഖ ലഭിച്ചിരുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.

തുടർവാദങ്ങൾക്കായി മാർച്ച് 23ന് കോടതി വീണ്ടും ചേരും. ജെസ്ന കേസിൽ തുടരന്വേഷണം സംബന്ധിച്ച നിർണായക തീരുമാനം കോടതിയുടെ ഭാഗത്തുനിന്നും അന്നുണ്ടാകുമെന്നാണ് റിപ്പോർട്ട്. ജെസ്നയുടെ രക്തക്കറയുള്ള വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐ സംഘത്തിന് കൈമാറിയെന്ന പിതാവിൻ്റെ മൊഴിയിൽ കോടതിയിൽ വ്യക്തത വരുത്തുന്നതിനിടെയാണ് നിർണായ വിവരങ്ങൾ പങ്കുവച്ചത്. കേസിൽ എല്ലാവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നതായി സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.

ജെസ്ന മറിയം തിരോധാനക്കേസിൽ കേസിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെതിരെയാണ് പിതാവ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി സിബിഐ സംഘത്തിൽ നിന്നും വിശദീകരണം തേടുകയായിരുന്നു.

രക്തസ്രാവം ഉണ്ടായപ്പോൾ ജെസ്ന ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ രേഖകൾ പരിശോധിച്ചിരുന്നു. ജെസ്നയെ പരിശോധിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആർത്തവത്തെത്തുടർന്നാണ് രക്തസ്രാവം ഉണ്ടായത്. ജെസ്നയുടെ സഹോദരിയാണ് രക്തംപുരണ്ട വസ്ത്രം കഴുകിയത്. ജെസ്ന മരിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്നും സിബിഐ വ്യക്തമാക്കി.
ജെസ്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെയെല്ലാം മൊഴി സിബിഐ ശേഖരിച്ചിരുന്നുവെന്ന് നിപുൽ ശങ്കർ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും അന്വേഷിച്ചുവെന്നും സിബിഐ കോടതിയെ അറിയിച്ചു.

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ജെസ്നയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിബിഐ റിപ്പോർട്ട്. സിബിഐ താൽക്കാലികമായി കേസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഈം റിപ്പോർട്ടിനെതിരെയാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷം 2021 ഫെബ്രുവരി 19നാണ് ജെസ്ന തിരോധാനക്കേസ് സിബിഐയിലേക്ക് എത്തിയത്. 2018 മാർച്ച് 22നാണ് ജെസ്നയെ കാണാനില്ലെന്ന് വ്യക്തമാക്കി ലോക്കൽ പോലീസിൽ പിതാവ് പരാതി നൽകിയത്.