ഉത്തർപ്രദേശിലെ ഉന്നാവോയിലെ(Unnao) ഒരു സ്‌കൂളിൽ ക്ലാസെടുക്കുന്നതിന് പകരം ഫേഷ്യൽ(facial) ചെയ്ത് പ്രിൻസിപ്പൽ(Principal). സംഭവത്തിൻ്റെ വീഡിയോ പകർത്തിയ അധ്യാപികയെ ഇവർ ആക്രമിച്ചു. അധ്യാപികയെ ഇഷ്ടിക കൊണ്ട് അടിക്കുകയും കൈയിൽ കടിക്കുകയും ചെയ്തെന്നാണ് പരാതി. ഉന്നാവോയിലെ ദാദാമൗ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ക്ലാസെടുക്കുന്നതിന് പകരം സ്‌കൂളിലെ അടുക്കളയ്ക്കുള്ളിൽ വച്ച് സംഗീത സിംഗ് ഫേഷ്യൽ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇത് അറിഞ്ഞെത്തിയ അധ്യാപികയായ അനം ഖാൻ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. സംഗീത സിംഗ് ഒരു കസേരയിൽ ഇരിക്കുന്നതും ഫേഷ്യൽ ചെയ്യുന്നതും വീഡിയോയിൽ കാണാം. ഫോണുമായി അധ്യാപിക എത്തിയത് കണ്ട് സംഗീത ദേഷ്യത്തോടെ നോക്കുകയും ഇവരെ നേരിടാൻ തൻ്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുന്നതും വീഡിയോയിൽ ഉണ്ട്. അടുത്ത ഷോട്ടിൽ ടീച്ചർ കരയുന്നതും കടിയേറ്റ പാടുകളുള്ള കൈ കാണിക്കുന്നതും വ്യക്തമാണ്. പ്രിൻസിപ്പൽ തന്നെ ഇഷ്ടിക കൊണ്ട് മർദിച്ചെന്നും കൈയിൽ കടിച്ചെന്നും അധ്യാപിക പറയുന്നു.

വീഡിയോ വൈറലായതോടെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ സംഭവത്തിൽ അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ബിഘപൂർ പോലീസ് സ്‌റ്റേഷനിൽ സംഗീത സിംഗിനെതിരെ അനം ഖാൻ പരാതി നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ മർദ്ദിച്ചതായി ആരോപിച്ച് ഒരു അധ്യാപകയിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബിഗാപൂർ സർക്കിൾ ഓഫീസർ മായാ റായ് പറഞ്ഞു.