കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡന്‍റ് സ്ഥാനവും യുഡിഎഫ് ജില്ല കൺവീനർ സ്ഥാനവും രാജിവെച്ച സജി മഞ്ഞക്കടമ്പിൽ പുതിയ പാർടിയുമായി എൻഡിഎയിലേക്ക്. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പുതിയ കേരള കോണ്‍ഗ്രസ് രൂപവത്‌കരിച്ചാണ് ബിജെപി സഖ്യത്തിൽ ചേരുന്നത്.

കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ നൽകുമെന്നും കർഷകർക്ക് വേണ്ടിയുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നതെന്നും സജി മഞ്ഞക്കടമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി എൻഡിഎയിൽ ഘടകകക്ഷിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം ആദ്യമാണ് നേതൃത്വത്തോട് കലഹിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്‍റ് സ്ഥാനവും സജി രാജിവെച്ചത്. മോന്‍സ് ജോസഫ് എംഎല്‍എയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സജി സ്ഥാനങ്ങൾ ഒഴിഞ്ഞത്. മോൻസ് ജോസഫിന്റെ ഏകാധിപത്യ നിലപാടിൽ മനംനൊന്താണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

യുഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്നും ഭാവി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറിയുണ്ടായത്. സജി മഞ്ഞക്കടമ്പലിന്റെ പുതിയ നീക്കം യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ സംസ്ഥാനത്ത് എട്ട് കേരള കോണ്‍ഗ്രസുകളാണുള്ളത്. സജി മഞ്ഞക്കടമ്പിലിന്റെ പുതിയ കേരള കോണ്‍ഗ്രസോടെ ഇത് ഒമ്പതായി മാറുന്നുവെന്ന പ്രത്യേകതയുമുണ്ട്.