മോഷണക്കേസിൽ ഇന്ത്യൻ വംശജൻ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. കേസില്‍ മൂന്ന് പേര്‍ക്ക് കൂടി വാറണ്ട് പുറപ്പെടുവിച്ചതായി കനേഡിയന്‍ അധികൃതര്‍ അറിയിച്ചു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസാണിത്.‍  എയര്‍ കണ്ടെയ്‌നറില്‍ എത്തിയ 22 കോടി കനേഡിയന്‍ ഡോളര്‍വിലവരുന്ന സ്വര്‍ണക്കട്ടികളും വിദേശ നോട്ടുകളും സംഘം കവര്‍ന്നതാണ് കേസ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം.

ടോറന്റോയിലെ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് കാര്‍ഗോ ഇവര്‍ തന്ത്രപരമായി കൈക്കലാക്കിയത്. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്ന് എയര്‍ കാനഡ വിമാനത്തില്‍ എത്തിയതായിരുന്നു സ്വര്‍ണവും കറന്‍സിയും. കുറഞ്ഞത് രണ്ട് മുന്‍ എയര്‍ കാനഡ ജീവനക്കാരെങ്കിലും മോഷണത്തിന് സഹായിച്ചതായി പൊലീസ് പറയുന്നു. അതില്‍ ഒരാള്‍ കസ്റ്റഡിയിലായതായും മറ്റൊരാള്‍ക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും പൊലിസ് പറഞ്ഞു.

അറസ്റ്റിലായവരില്‍ ഇന്ത്യന്‍ വംശജരായ പരംപാല്‍ സിദ്ധു, അമിത് ജലോട്ട, അമ്മദ് ചൗധരി, അലി റാസ, പ്രസാത് പരമലിംഗം എന്നിവരാണ് അറസ്റ്റിലാണ്. കൃത്യം നടക്കുമ്പോള്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരനായിരുന്നു സിദ്ധുവെന്നും പോലീസ് പറഞ്ഞു.നിലവില്‍ ജാമ്യത്തിലുള്ള ഇവരുടെ വിചാരണ ഉടന്‍ നടക്കും. പ്രതികളില്‍ ഒരാള്‍ യുഎസിലെ പെന്‍സില്‍വാനിയയില്‍ വെച്ചാണ് പിടിയിലായത്. ഇയാള്‍ ഇപ്പോഴും ജയിലിലാണ്.