ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തി. കപ്പലിലുണ്ടായിരുന്ന 17 ഇന്ത്യാക്കാരിലെ ഏക വനിതയായ തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ആന്‍ ടെസയെ സ്വീകരിച്ചു. ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുൻപാണ് കപ്പലിലെത്തിയത്.

കപ്പലിലെ ജീവനക്കാരെ ഇറാൻ അധികൃതർ നന്നായി കൈകാര്യം ചെയ്തുവെന്ന് ആൻ ജോസഫ് പറയുന്നു. ‘അവർ (ഇറാൻ അധികൃതർ) കപ്പൽ പിടിച്ചെടുത്തെങ്കിലും, അവർ ജീവനക്കാരോട് നന്നായി പെരുമാറി, ഭക്ഷണത്തിനൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല, ഞങ്ങൾ ഭക്ഷണം കഴിച്ച് ക്യാബിനിലേക്ക് മടങ്ങുകയായിരുന്നു.  ജോലിക്കാരെ ഉപദ്രവിക്കാൻ അവർ ഉദ്ദേശിച്ചിരുന്നില്ല’ ആൻ ടെസ്സ പറഞ്ഞു.

വിദേശകാര്യമന്ത്രി എസ് ജയശങ്കർ  ഇറാനിയൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു യുവതിയുടെ മോചനം. ആന്‍ ടെസ തിരിച്ചെത്തിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച കേന്ദ്രമന്ത്രി ഇറാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ ഇടപെടലുകളെ അഭിനന്ദിച്ചു.