ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഏഴുമണിക്ക് പോളിങ് ആരംഭിക്കും. 1,625 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. 16 കോടി 63 ലക്ഷമാണ് ആദ്യഘട്ടത്തിലെ വോട്ടര്‍മാര്‍.

ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ തുടർച്ചയായി മൂന്നാം തവണയും അധികാരം തേടുമ്പോൾ, ഇന്ത്യ എന്ന കുടക്കീഴിൽ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഭാഗ്യം മാറുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. 39 ലോക്‌സഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലേക്കാണ് എല്ലാ കണ്ണുകളും. 

കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയും അധികാരം പിടിക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, താൻ വിപുലമായ പ്രചാരണം നടത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി മികച്ച ജനവിധി പ്രതീക്ഷിക്കുന്നു. തമിഴ്നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലും ലക്ഷദ്വീപിലുമുള്ള ഓരോ സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. രാജസ്ഥാന്‍, യുപി, മധ്യപ്രദേശ്,‌ ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഏതാനും സീറ്റുകളിലും ഇന്നാണ് വോട്ടെടുപ്പ്.