• ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: തിരഞ്ഞെടുപ്പ് വര്‍ഷമാണ്. ‘ദുര്‍ബലന്‍’ എന്നാണ് എതിരാളി സ്ഥിരമായി പരിഹസിക്കുന്നത്. അമേരിക്ക പറയുന്നതിന് എതിര്‍വാക്കില്ലാത്ത ‘ഞാഞൂലുകള്‍’ പോലും ഇപ്പോള്‍ പുല്ല് വിലയാണ് നല്‍കുന്നത്. പ്രസിഡന്റ് ജോ ബൈഡന് തലപുകയ്ക്കാന്‍ മറ്റു കാരണങ്ങള്‍ വല്ലതും വേണോ? ഇപ്പോഴിതാ യുഎസിന്റെ വാക്കുകള്‍ ധിക്കരിച്ച് ഉറ്റ സഖ്യകക്ഷിയായ ഇസ്രയേലിനെതിരേ ഇറാന്‍ നടത്തിയ ആക്രമണം ബൈഡന്റെ പ്രതിഛായയ്ക്ക് വലിയ കോട്ടം വരുത്തിയിരിക്കുകയാണ്. പോരാത്തതിന് ഈ വിഷയത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ എതിരാളിയാകുമെന്ന് കരുതുന്ന മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിഹാസം കൂടി ആകുന്നതോടെ ബൈഡന്‍ പരുങ്ങലിലാണ്.

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിനെതിരായ ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജോ ബൈഡനെതിരേ ശക്തമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തത് ‘ടേപ്പ്’ ചെയ്ത സംഭാഷണം ആണെന്നാണ് ട്രംപ് ആരോപിച്ചിരിക്കുന്നത്. ഇസ്രായേല്‍ ആക്രമണത്തിനിരയാകുന്നത് അമേരിക്ക ‘അവിശ്വസനീയമായ’ ‘വലിയ ബലഹീനത’ കാണിച്ചതിനാലാണെന്ന് പെന്‍സില്‍വാനിയയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് ആരോപിച്ചു.

അമേരിക്ക എല്ലായ്പ്പോഴും ഇസ്രായേലിനൊപ്പമാണ് നിലകൊള്ളുന്നതെന്നും താനായിരുന്നു ഭരണാധികാരിയെങ്കില്‍ ആക്രമണം നടക്കില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ദൈവം ഇസ്രായേല്‍ ജനതയെ അനുഗ്രഹിക്കട്ടെ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇപ്പോള്‍ ആക്രമണത്തിലാണ്. ഞങ്ങള്‍ അധികാരത്തിലിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു,’ ട്രംപ് അവകാശപ്പെട്ടു.

അതിനിടെ, GOP നേതാവ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ ട്രൂത്ത് സോഷ്യലിലൂടെ ഇറാനിയന്‍ ആക്രമണത്തെക്കുറിച്ച് അമേരിക്കയെ അഭിസംബോധന ചെയ്തതിന് ബൈഡനെ ടാര്‍ഗെറ്റുചെയ്യുകയും അത് ‘ടേപ്പ് ചെയ്തു’ എന്ന് അവകാശപ്പെടുകയും ചെയ്തു. ‘ബൈഡന്‍, ഇസ്രായേലില്‍ ജനങ്ങളെ തത്സമയം അഭിസംബോധന ചെയ്യാന്‍ പോലും മുതിര്‍ന്നില്ല. പകരം ടേപ്പ് ചെയ്ത പ്രസംഗങ്ങള്‍ക്കുള്ള സമയമല്ലിത്.’- അദ്ദേഹം കുറിച്ചു.

ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന്, ഇസ്രായേലിന്റെ സുരക്ഷയ്ക്കുള്ള യുഎസ് പിന്തുണ ”ഇരുമ്പു പോലെ ഉറപ്പുള്ളതാണെന്ന്’ ബൈഡന്‍ ആവര്‍ത്തിച്ചു. വാഷിംഗ്ടണ്‍ ജൂത രാഷ്ട്രത്തോടൊപ്പം നില്‍ക്കുമെന്നും ”ഇറാനില്‍ നിന്നുള്ള ഈ ഭീഷണികള്‍ക്കെതിരായ അവരുടെ പ്രതിരോധത്തെ പിന്തുണയ്ക്കുമെന്നും’ ബൈഡന്‍ ഊന്നിപ്പറഞ്ഞതും ശ്രദ്ധേയമായി.

ആക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ബൈഡന്‍ തന്റെ വാരാന്ത്യ യാത്ര വെട്ടിച്ചുരുക്കി ഡെലാവെയറില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പറന്നു. ”സാര്‍വത്രിക രോഷം മനസിലാക്കിയതു കൊണ്ട് കുടിലബുദ്ധിക്കാരനായ ജോ ബൈഡന്‍ പിറ്റേന്നുള്ള യാത്ര ഇന്നത്തേക്ക് മാറ്റി. എന്തായാലും വളരെ നല്ലത് തന്നെ! യാത്രാ പദ്ധതി മാറ്റിയതിനെക്കുറിച്ച് ട്രംപ് പരിഹസിച്ചു.

ബൈഡന്‍ അത്ര പോര, ജിഒപി നേതാക്കള്‍ ട്രംപിനു പിന്നില്‍ അണിനിരക്കുന്നു

ബൈഡന്‍ ഭരണകൂടത്തിന്റെ ഇറാനെ പ്രീണിപ്പിക്കുന്നതും ഇസ്രയേലിന് തുരങ്കം വയ്ക്കുന്നതുമായുള്ള നയം ആണ് ആക്രമണത്തിനു കാരണെന്ന് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ കുറ്റപ്പെടുത്തി. ഇസ്രായേലിന് പിന്തുണ നല്‍കാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം എഴുതി: ‘ശരിയായ പ്രതികരണത്തിനായി ഞാന്‍ വൈറ്റ് ഹൗസുമായി ഇടപഴകുന്നത് തുടരും.’

‘ഇറാനും മിഡില്‍ ഈസ്റ്റുമായുള്ള ബൈഡന്റെ സമീപനം പിന്നോട്ടാണ്’ എന്നാണ് ആക്രമണം കാണിക്കുന്നതെന്ന് ആര്‍-എസ്സി പ്രതിനിധി നാന്‍സി മേസ് പറഞ്ഞു. ‘ഇപ്പോള്‍ നമ്മള്‍ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണ്. യുഎസ് ജനാധിപത്യത്തോടുള്ള ഇസ്രായേലിന്റെ പ്രതിബദ്ധതയ്ക്കൊപ്പം നില്‍ക്കണം. പ്രസിഡന്റ് ഉറച്ചു നില്‍ക്കണം, ഇറാനെ പരിഹസിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം.’

ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കാതെ പ്രസിഡന്റ് ബൈഡന്‍ ഇറാനും അതിന്റെ ഭീകരവാദ ശൃംഖലയ്ക്കും സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നുവെന്ന് വ്യോമിംഗില്‍ നിന്നുള്ള സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ സെന്‍. ജോണ്‍ ബരാസോ അവകാശപ്പെട്ടു. സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം (ആര്‍-എസ്സി) പറയുന്നതനുസരിച്ച്, ട്രംപിന്റെ നിരീക്ഷണത്തില്‍ ആക്രമണങ്ങള്‍ ഒരിക്കലും സംഭവിക്കില്ല.

‘പ്രസിഡന്റ് ബൈഡന്‍ മോശക്കാരോട് ‘അരുത്’ എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ഫലപ്രദമായ പ്രതിരോധമാണ്. ഓരോ തവണയും ‘അരുത്’ എന്ന് പറയുമ്പോഴെല്ലാം എതിരാളികള്‍ അതു ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകം എത്രമാത്രം മാറിയിരിക്കുന്നു എന്ന് യുഎസ് ജനത തിരിച്ചറിഞ്ഞിട്ടുണ്ടാകും.’ – ഗ്രഹാം എക്സില്‍ കുറിച്ചു. ബൈഡന്‍ ഭരണകൂടത്തിന്റെ മിഡില്‍ ഈസ്റ്റ് നയങ്ങള്‍ ‘പ്രതിരോധം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടു. പകരം ഇറാനെ പോരാട്ടങ്ങള്‍ക്ക് പ്രാപ്തമാക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തു’ എന്നാണ് ഇസ്രായേലിനെതിരായ ഇറാന്റെ നേരിട്ടുള്ള ആക്രമണം കാണിക്കുന്നതെന്ന് സെന്‍. ബില്‍ ഹാഗെര്‍ട്ടി പ്രസ്താവിച്ചു.

ശനിയാഴ്ച ഇറാന്‍ ഇസ്രായേലിനെതിരെ ആദ്യമായി നേരിട്ടുള്ള സൈനിക ആക്രമണം നടത്തി. ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ചു. ഏപ്രില്‍ ഒന്നിന് ഡമാസ്‌കസിലെ കോണ്‍സുലേറ്റിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് ഉന്നത ഇറാനിയന്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ നിരവധി ആളുകളുടെ ജീവന്‍ അപഹരിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമണം.