ടെൽ അവീവ്:  ഇറാൻ്റെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ഇസ്രായേൽ തീരുമാനിക്കുമെന്ന്  പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂണുമായി നടത്തിയ ചർച്ചയിലാണ് നെതന്യാഹുവിൻ്റെ പ്രതികരണം. 

സ്വയരക്ഷയ്ക്ക് ആവശ്യമായതെല്ലാം ഇസ്രായേൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ-ഇസ്രായേൽ സംഘർഷം കൂടുതൽ സങ്കീർണമാകുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ജറുസലേമിൽ നടന്ന കൂടിക്കാഴ്ചയിൽ ഡേവിഡ് കാമറൂൺ ആവശ്യപ്പെട്ടു.

ഏപ്രിൽ 14ന് ഇസ്രയേലിനെതിരായ മിസൈൽ, ഡ്രോൺ ആക്രമണത്തിന് ഇറാൻ തിരിച്ചടിക്കുമെന്ന് നെതന്യാഹു ആവർത്തിച്ചു. എന്നാൽ പശ്ചിമേഷ്യൻ മേഖലയെ സംഘർഷത്തിലേക്ക് തള്ളിവിടുന്നത് നിരുത്സാഹപ്പെടുത്താൻ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ഡേവിഡ് കാമറൂൺ നെതന്യാഹുവുമായി ചർച്ച നടത്തിയത്.

ഇസ്രയേലിന്റെ ഇറാനോടുള്ള പ്രതികരണം പരിമിതവും ബുദ്ധിപരവുമായിരിക്കണമെന്ന് ചർച്ചയിൽ കാമറൂൺ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം, യുകെ പ്രധാനമന്ത്രി ഋഷി സുനക് നെതന്യാഹുവിനോട് സംസാരിക്കുകയും മേഖലയിലെ അസ്ഥിരത വർദ്ധിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഇറാൻ്റെ ആക്രമണത്തിന് മറുപടിയായി ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് താൻ എത്തിയതെന്ന് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡേവിഡ് കാമറൂൺ പറഞ്ഞു. അതേസമയം, ഇറാനെതിരെ നടപടിയെടുക്കാൻ ഇസ്രായേൽ ഒരുങ്ങുന്നുവെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അനുമാനം ബലപ്പെടുത്തുന്നതാണ് നെതന്യാഹുവിൻ്റെ പ്രതികരണം.