വിവിപ്പാറ്റുമായി ബന്ധപ്പെട്ട ഹര്‍ജികൾ സുപ്രീം കോടതി പരി​ഗണിക്കുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രം രംഗത്തെത്തി. അതേസമയം, എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തി.വോട്ടർമാരുടെ തെരഞ്ഞെടുപ്പിനെ ഹർജിക്കാർ തമാശയാക്കി മാറ്റുന്നുവെന്നും വളച്ചൊടിച്ച വാര്‍ത്തകളുമായി എത്തുകയാണെന്നും കേന്ദ്രം വാദിച്ചു.തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽകുമ്പോഴാണ് ഹര്‍ജിയെന്നും ഇത് ജനാധിപത്യത്തിന് ഹാനികരമാണെന്നും കേന്ദ്രം വാദിച്ചു.

എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന് ഹർജിക്കാരോട് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.എല്ലാ കാര്യങ്ങളും ഹർജിക്കാരോട് വിശദീകരിക്കാനാകുമോയെന്നും സാങ്കേതിക ഘടകങ്ങൾ മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു.കമ്മീഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരെന്ന് കോടതി നിരീക്ഷിച്ചു.

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവർത്തിക്കുന്നുവെന്ന് സുപ്രീം കോടതി മറുപടി നല്‍കി.വോട്ടിംഗ് ശതമാനം കൂടുകയാണ്.  ഇത് ജനങ്ങളുടെ വിശ്വാസം കാട്ടി തരുന്നുണ്ട്. വിദേശ രാജ്യങ്ങൾ മാത്രം നന്നായി പ്രവർത്തിക്കുന്നു എന്ന് കരുതരുത്.ഇന്ത്യയും നന്നായി പ്രവർത്തിക്കുന്നു.പത്ര റിപ്പോർട് പൂർണ്ണമായി പരിശോധിച്ചില്ലേയെന്നും കോടതി ചോദിച്ചു.ഇലക്ഷൻ കമ്മീഷൻ പ്രതിനിധി സുപ്രീം കോടതിയിൽ വിവിപ്പാറ്റുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനം വിശദീകരിച്ചു.ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാൻ മാറ്റി.