ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപർവതം പാെട്ടിത്തെറിച്ചു: ഇതിനു പിന്നാലെ വടക്ക് സുലവേസി പ്രവിശ്യയില്‍ നിന്ന് 800 പേരെ ഒഴിപ്പിച്ചു.

പ്രദേശത്ത് ജാഗ്രത നിർദ്ദേശവും സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ലാവ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയെന്നും അഗ്നി പർവതം മൂന്ന് തവണ പൊട്ടിത്തെറിച്ചെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സിത്താരോ ദ്വീപില്‍ നിന്ന് 838 പേരെയാണ് ഒഴിപ്പിച്ചതെന്നാണ് വിവരം. പർവത ചരിവുകളിലൂടെ ലാവ ഒഴുകുന്ന വീഡിയോകളും പുറത്തുവന്നു. അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന് മുൻപ് നിരവധി ഭൂകമ്ബങ്ങളും ഉണ്ടായതായി സൂചനകളുണ്ട്.

27 കോടി ജനങ്ങളുള്ള ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ 120 സജീവ അഗ്നിപർവ്വതങ്ങളുണ്ട്. 725 മീറ്റർ (2,378 അടി) യുള്ള  റുവാങ് അഗ്നിപർവ്വതത്തിൽ നിന്ന് കുറഞ്ഞത് 6 കിലോമീറ്റർ (3.7 മൈൽ) അകലെ താമസിക്കാൻ അധികൃതർ വിനോദസഞ്ചാരികളോടും ജനങ്ങളോടും അഭ്യർത്ഥിച്ചു.

2018-ൽ, ഇന്തോനേഷ്യയിലെ അനക് ക്രാകറ്റൗ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന്, സുമാത്ര, ജാവ തീരങ്ങളിൽ സുനാമിയുണ്ടായി 430 പേർ മരിക്കുകയും ചെയ്തിരുന്നു.