പാലക്കാട്: കോയമ്പത്തൂര്‍ പാലക്കാട് റൂട്ടില്‍ ഡബിള്‍ ഡക്കര്‍ ട്രെയിൻ പരീക്ഷണയോട്ടം വിജയകരം. കോയമ്പത്തൂർ – കെഎസ്ആർ ബെംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാടേക്ക് നീട്ടുന്നതിന്‍റെ ഭാഗമായാണ് ഇന്നലെ പരീക്ഷണയോട്ടം നടത്തിയത്. ദക്ഷിണ റെയിൽവേയുടെ സേലം, പാലക്കാട് ഡിവിഷനുകളുടെ മേൽനോട്ടത്തിലായിരുന്നു ഡബിൾ ഡക്കർ ട്രെയിനിന്‍റെ ട്രയൽ റൺ. ഉദയ് എക്‌സ്പ്രസ് ഡബിള്‍ ഡക്കര്‍ സീരീസിലെ ആദ്യ എ സി ചെയര്‍കാര്‍ ട്രെയിനാണിത്.

ബുധനാഴ്ച രാവിലെ എട്ട് മണിയ്ക്ക് കോയമ്പത്തൂരിൽ നിന്ന് യാത്ര ആരംഭിച്ച ട്രെയിൻ 10:55നാണ് പാലക്കാട് ടൗണിലെത്തുന്നത്. 11:10ന് പാലക്കാട് ജങ്ഷനിലെത്തി 11:55ന് തിരിച്ചുപോകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഉച്ചയ്ക്ക് 1:100നാണ് മടക്കയാത്ര ആരംഭിച്ചത്. തുടർന്ന് 3:10ന് കോയമ്പത്തൂരിലുമെത്തി. രണ്ട് ഡബിള്‍ ഡക്കര്‍ ബോഗി ഉള്‍പ്പെടെ നാല് ബോഗിയാണ് പരീക്ഷണയോട്ടത്തിലുണ്ടായിരുന്നത്.

ഡബിള്‍ ഡക്കർ ട്രെയിനിന്‍റെ ഒരു ബോഗിയില്‍ 120 സീറ്റുകളാണുണ്ടാവുക. ആകെയുള്ള 16 കോച്ചുകളുള്ളതില്‍ ഏഴെണ്ണം ഡബിള്‍ ഡക്കറാണ്. ബാക്കിയുള്ളവ സാധാരണ ബോഗികളും. ഇന്നലെ നടന്ന ട്രയൽ റണ്ണിൽ വണ്ടിയുടെ സുഗമ സഞ്ചാരം, പ്ലാറ്റ്‌ഫോമിലെ സൗകര്യം തുടങ്ങിയവയാണ് പരിശോധിച്ചത്.