ദോഹ: ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം ഒരുക്കിനല്‍കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ഇപെയ്‌മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങള്‍ താല്‍ക്കാലിക അടച്ചിടല്‍ അടക്കമുള്ള നടപടികളുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സേവനത്തിന് പ്രത്യേക ചാര്‍ജ് ഈടാക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് പേയ്മെന്റിനുള്ള സൗകര്യം ഒരുക്കണമെന്ന് മന്ത്രാലയത്തിലെ വാണിജ്യ രജിസ്ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ഇന്‍സ്‌പെക്ഷന്‍ വിഭാഗം മേധാവി സെയ്ഫ് അല്‍ അത്ബ പറഞ്ഞു. ഇക്കാര്യം മന്ത്രാലയം നേരത്തേ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതാണെന്നും ഇനിയും ഈ സൗകര്യം ഏര്‍പ്പെടത്താത്തവര്‍ക്കെതിരേ നടപടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യഘട്ടമെന്ന നിലയില്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 14 ദിവസത്തേക്ക് വരെ സ്ഥാപനം അടച്ചിടുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയില്‍ നിയമലംഘനം പരിഹരിച്ച് ഇപെയ്‌മെന്റ് സംവിധാനം ഒരുക്കിയില്ലെങ്കില്‍ അടച്ചിടല്‍ നിര്‍ദ്ദേശം വീണ്ടും പുതുക്കും. ‘കുറഞ്ഞ കാശ് കൂടുതല്‍ സുരക്ഷ’ എന്നതാണ് ഇപെയ്‌മെന്റിന്റെ കാര്യത്തില്‍ മന്ത്രാലയത്തിന്റെ നയം. പണമിടപാടിന് ബാങ്കില്‍ നിന്ന് പിന്‍വലിക്കല്‍, മറ്റ് ബാങ്കുകളിലേക്ക് പണം കൊണ്ടുപോകല്‍ തുടങ്ങിയ ദൈര്‍ഘ്യമേറിയ നടപടിക്രമങ്ങള്‍ ആവശ്യമാണ്.

ഇലക്ട്രോണിക് പേയ്മെന്റുകള്‍ കള്ളപ്പണത്തിന്റെയും കള്ളപ്പണത്തിന്റെയും അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2022ലെ വാണിജ്യമന്ത്രാലയം നിയമഭേദഗതി പ്രകാരം വാണിജ്യ, വ്യവസായ, പൊതു ഔട്ട്ലെറ്റുകളിലെല്ലാം ഇ-പേയ്മെന്റ് സൗകര്യം ഒരുക്കണമെന്നാണ് നിയമം. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ വാലറ്റ്, ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകള്‍, ബാങ്ക് പ്രീപെയ്ഡ് കാര്‍ഡ്, മൊബൈല്‍ ബാങ്കിംഗ്, ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ്, ബാങ്ക് പ്രീപെയ്ഡ് കാര്‍ഡുകള്‍ തുടങ്ങിയവയ ഇതിനായി സ്വീകരിക്കാവുന്നതാണ്.