കുവൈറ്റ്: ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് അറബ് ലോകത്ത് ബഹിഷ്‌ക്കരണം നിലനില്‍ക്കുന്ന സ്റ്റാര്‍ബക്‌സ് നഷ്ടമായ ഉപഭോക്താക്കളെ തിരിച്ചു പിടിക്കാന്‍ ഗാസയ്ക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തി. ആഗോള ബ്രാന്‍ഡായ സ്റ്റാര്‍ബക്‌സും അതിന്റെ കുവൈറ്റിലെ സ്ഥാപനമായ അല്‍ ഷായ സ്റ്റാര്‍ബക്‌സുമാണ് പുതിയ പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുന്നത്.

നേരത്തേ ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരേ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഗാസയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇസ്രായേല്‍ സൈന്യത്തിന് പിന്തുണയുമായി സ്റ്റാര്‍ബക്‌സ് രംഗത്തെത്തിയിരുന്നു. ഗാസയില്‍ നടക്കുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ പരസ്യമായി ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകിച്ച നടപടിക്കെതിരേ അറബ് ലോകത്ത് പ്രതിഷേധം ഉടലെടുക്കുകയായിരുന്നു. പിന്നീട് സ്റ്റാര്‍ബക്‌സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനത്തിലേക്ക് പ്രതിഷേധം മാറി. ഇതേത്തുടര്‍ന്ന് വലിയ തോതിലുള്ള ബഹിഷ്‌ക്കരണമാണ് അറബ് ലോകത്ത് നിന്ന് സ്റ്റാര്‍ബക്‌സിന് നേരിടേണ്ടി വന്നത്. കുവൈറ്റിലെ ഉപസ്ഥാപനമായ അല്‍ ഷായയെയും ഉപഭോക്താക്കള്‍ കൈവിടുന്ന സ്ഥിതിയുണ്ടായി.

ആറു മാസത്തിനിടയില്‍ 11 ബില്യണ്‍ ഡോളറിന്റെ നഷ്ടമായ ബഹിഷ്‌ക്കരണം മൂലം കമ്പനിക്ക് ഉണ്ടായത്. മാസങ്ങള്‍ പിന്നിട്ടിട്ടും ബഹിഷ്‌ക്കരണം അവസാനിക്കാതെ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അറബ് ഉപഭോക്താക്കളുടെ രോഷം തണുപ്പിക്കാനും ഉപഭോക്തൃ വിശ്വാസം വീണ്ടെടുക്കാനും പുതിയ തന്ത്രവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഗാസയിലെ സാധാരണക്കാരുടെ പട്ടിണി മാറ്റാന്‍ തങ്ങള്‍ 30 ലക്ഷം ഡോളര്‍ സഹായമായി നല്‍കുമെന്ന് അല്‍ ഷയ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഷായ പ്രസ്താവനയില്‍ അറിയിച്ചു.