സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം ആയിരുന്നു എക്സ് ( മുമ്പ് ട്വിറ്റർ) ഇതുവരെ . എന്നാൽ ഇനി മുതൽ എക്സിൽ അക്കൗണ്ട് തുറക്കുന്ന പുതിയ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങുകയാണ് കമ്പനി. എക്സിൽ ചേരുന്ന പുതിയ ഉപഭോക്താക്കളിൽ നിന്ന് ലൈക്ക് , പോസ്റ്റ് ,റിപ്ലൈ, ബുക്ക്മാർക്ക് എന്നിവ ചെയ്യുന്നതിന് ചെറിയൊരു തുക ഈടാക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇക്കാര്യം കമ്പനി മേധാവി ഇലോൺ മസ്ക് സ്ഥിരീകരിച്ചു. തട്ടിപ്പുകൾ കുറയ്ക്കുന്നതിനും എല്ലാവർക്കും മെച്ചപ്പെട്ട അനുഭവം ലഭ്യമാക്കുന്നതിനും വേണ്ടിയാണിതെന്നാണ് കമ്പനിയുടെ പക്ഷം. എന്നാൽ ഫോളോ ചെയ്യുന്നതിനും എക്സിൽ വിവരങ്ങളും അക്കൗണ്ടുകളും തിരയുന്നതിനും പണമീടാക്കില്ല. ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പോസ്റ്റുകൾ പങ്കുവെക്കുന്നതിന് പണമീടാക്കുന്നതെന്നാണ് മസ്ക് പറയുന്നത്. 

കഴിഞ്ഞ വർഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ എക്സിലെ ബോട്ട് ആർമികളെ നേരിടാനുള്ള മികച്ച മാർഗം നിശ്ചിത തുക ഈടാക്കുകയാണെന്ന് മസ്ക് അഭിപ്രായപ്പെട്ടിരുന്നു.

ന്യൂസിലൻഡിലും ഫിലിപ്പീൻസിലും ഇതിനകം ഈ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ന്യൂസിലൻഡിൽ 1.75 ഡോളറാണ് ഈടാക്കിയിരുന്നത്. യുഎസിൽ ഇത് അവതരിപ്പിക്കപ്പെട്ടാൽ 1 യുഎസ് ഡോളർ ആയിരിക്കും നിരക്ക് എന്നാണ് കരുതുന്നത്. 

എക്സ് നേരിടുന്ന വലിയ വെല്ലുവിളിയാണ് ബോട്ട് അക്കൗണ്ടുകൾ. ഓൺലൈൻ കാമ്പയിനുകൾക്കും തട്ടിപ്പുകൾക്കുമായി ഉപയോഗിക്കുന്ന ഇത്തരം അക്കൗണ്ടുകൾ നീക്കം ചെയ്ത് പ്ലാറ്റ്ഫോമിലെ വ്യാജവാർത്ത, നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചാരം എന്നിവയെല്ലാം നിയന്ത്രിക്കാനാണ് മസ്ക് പദ്ധതിയിടുന്നത്. ഒപ്പം കമ്പനിയ്ക്ക് മറ്റൊരു വരുമാന സ്രോതസ് കൂടിയാകും.