ഇൻഫോസിസ് ഫൗണ്ടേഷൻ്റെ മുൻ ചെയർപേഴ്‌സണായ സുധാ മൂർത്തിക്ക് അനേകം വിശേഷണങ്ങളുണ്ട്. അധ്യാപിക, എഴുത്തുകാരി, മനുഷ്യസ്‌നേഹി, എന്നിങ്ങനെ നീളുന്നു ആ പട്ടിക. അനേകർക്ക് പ്രചോദനമാണ് സുധ മൂർത്തി. കാരണം, ടാറ്റ മോട്ടോഴ്‌സ് എന്നറിയപ്പെടുന്ന ടെൽകോയിലെ ആദ്യ വനിതാ എൻജിനീയറായിരുന്നു അവര്‍. എൻജിനീയറിങ് മേഖലയിൽ എത്തിപ്പെടാനും പിടിച്ചു നില്‍ക്കാനുമൊക്കെ സ്ത്രീകൾ ഏറെ വെല്ലുവിളി നേരിട്ടിരുന്ന കാലത്താണ് സുധ മൂർത്തി തൻ്റെ പഠനം പൂർത്തിയാക്കിയത്.

ഇപ്പോഴിതാ ഇൻഫോസിസിൻ്റെ തുടക്കകാലത്ത്, അതില്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് അവർ. ഇൻഫോസിസിൻ്റെ സഹസ്ഥാപകനായ എൻ ആർ നാരായണ മൂർത്തിയെയാണ് അവർ വിവാഹം ചെയ്തത്. സ്വന്തം കമ്പനി തുടങ്ങാൻ 10,000 രൂപ നൽകി ഭർത്താവിന് സാമ്പത്തിക ഉത്തേജനം നൽകിയെന്ന് കപിൽ ശർമ ഷോയിൽ സുധ മൂർത്തി വെളിപ്പെടുത്തി. കോളേജ് സുഹൃത്ത് പ്രസന്ന മുഖേന നാരായണ മൂർത്തിയെ പരിചയപ്പെട്ട സുധ മൂർത്തി, നാരായണ മൂര്‍ത്തിയുടെ ബിസിനസില്‍ പണം നിക്ഷേപിക്കാൻ തീരുമാനിച്ചതോടെയാണ് പ്രണയകഥ വികസിക്കുന്നത്.

1981ൽ നാരായണ മൂർത്തി ഇൻഫോസിസിൻ്റെ ആശയം കൊണ്ടുവന്നു. സുധാ മൂർത്തി 10,000 രൂപ സംഭാവന ചെയ്തു. 1981-ൽ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റിൽ ഇൻഫോസിസ് തുടങ്ങുന്നതിൽ സുധാ മൂർത്തി നൽകിയ 10,000 രൂപ നിർണായക പങ്ക് വഹിച്ചു. ഇന്ന് 6,08,000 കോടി രൂപ വിപണി മൂലധനമുള്ള ഇൻഫോസിസ് ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നാണ്. നാരായണ മൂർത്തിയെ 10,000 രൂപ നൽകി പിന്തുണയ്ക്കാനുള്ള തീരുമാനത്തെ തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിക്ഷേപമായി സുധ മൂർത്തി കണക്കാക്കുന്നു. നിലവിൽ ഇൻഫോസിസിൽ സുധ മൂർത്തിക്ക് 0.95 ശതമാനം ഓഹരിയുണ്ട്.