നഗരത്തിലെ എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയൊരുക്കി ന്യൂയോർക്ക് ഭരണകൂടം. നഗരത്തിലെ ഒരു മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട “ഫ്ളാക്കോ” എന്ന പേരുളള മൂങ്ങ എലിവിഷം മൂലം മരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്ല് നഗരത്തിലെ ശുചിത്വ ഖരമാലിന്യ സംസ്‌കരണ സമിതി അദ്ധ്യക്ഷനായ സി​റ്റി കൗൺസിൽ അംഗം ഷോൺ അബ്രു കഴിഞ്ഞ വ്യാഴാഴ്ചയാണ് അവതരിപ്പിച്ചത്.

ഒഴിഞ്ഞ സ്ഥലങ്ങളിൽ കെണിയൊരുക്കി എലികളെ പിടിച്ച് വിഷം കൊടുത്ത് സാവാധാനം കൊല്ലുന്നതിന് പകരം ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചാൽ മതിയെന്നാണ് പുതിയ ബില്ലിൽ പറയുന്നത്.നഗരത്തിലെ എലികളുടെ എണ്ണം കുറയ്ക്കാൻ കെണികൾ ഒരുക്കുന്നതോ അല്ലെങ്കിൽ വിഷം വയ്ക്കുന്നതോ ഇതുവരെ പൂർണമായി വിജയിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു. ഇതിന് മുൻപും പെൺഎലികളിൽ ഗർഭനിരോധന മാർഗങ്ങൾ നടത്താൻ നഗരസഭ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.പക്ഷെ ഇപ്പോൾ വിപുലമായ സൗകര്യങ്ങളോടെ നഗരസഭ വീണ്ടും ശ്രമം തുടരാൻ പോകുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ തീരുമാനത്തിന്റെ ഭാഗമായി നഗരത്തിലെ ആൺ, പെൺ എലികളിൽ വന്ധ്യംകരണം ചെയ്യുന്നതിനായി സാൾട്ടി പെല​റ്റ്സ് (വന്ധ്യംകരണം ചെയ്യുന്നതിനുളള സോഡിയം ക്ലോറൈഡ് ക്രിസ്റ്റൽഡ്) വിവിധയിടങ്ങളിൽ നിക്ഷേപിക്കാനാണ് തീരുമാനം. ഇത്തരത്തിൽ നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും ചെയ്യുന്നതോടെ പദ്ധതി ഫലപ്രാപ്തി കാണുമെന്നും ഷോൺ അബ്രു പറഞ്ഞു. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇത്തരത്തിലുളള ഗുളികകൾ എലികൾ ഭക്ഷണമാക്കുന്നതോടെ പെൺ എലികളുടെ അണ്ഡോൽപ്പാദനം കുറയുകയും ആൺ എലികളിലെ ബീജത്തിന്റെ ഉൽപ്പാദനം കുറയുകയും ചെയ്യും.

കഴിഞ്ഞ കുറെ വർഷങ്ങളായി സാൾട്ടി പെലെ​റ്റസ് മനുഷ്യരിൽ ഉണ്ടാകുന്ന റൂമ​റ്റോയ്ഡ് ആർത്രൈ​റ്റിസ് (സന്ധി വീക്കം)ചികിത്സിക്കാൻ ഉപയോഗിച്ചുവന്നിരുന്നു. ഇതിന്റെ രുചി എലികൾക്ക് കൂടുതൽ ഇഷ്ടപ്പെടുകയും അതുകൊണ്ട് തന്നെ സാൾട്ടി പെലറ്റ്സ് അമിതമായി കഴിക്കുകയും ചെയ്യുമെന്നുമാണ് വിദദ്ധർ പറയുന്നത്.