തൃശൂര്‍ പൂരത്തിനായി(Thrissur pooram 2024) തെക്കേ ഗോപുരനടയില്‍ നിര്‍മിക്കുന്ന വിഐപി ഗാലറി(VIP gallery) നിര്‍മാണം നിര്‍ത്തിവെപ്പിച്ച് ഹൈക്കോടതി(High Court). കുടമാറ്റത്തിന്റെ കാഴ്ച തടസപ്പെടുത്തുന്ന പവലിയനോ ഗാലറിയോ പാടില്ലെന്നാണ് ഉത്തരവ്. വിഐപി പവലിയന്‍ മൂലം ജനങ്ങള്‍ക്ക് കുടമാറ്റം കാണുന്നതിന് തടസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ വിആര്‍ കൃഷ്ണതേജയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. തൃശൂര്‍ സ്വദേശി നാരായണന്‍ കുട്ടിയുടെ ഹര്‍ജിയിലാണ് കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള ഗാലറി നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. വിഐപി പവലിയന്‍ കാരണം കുടമാറ്റം കാണാന്‍ സാധിക്കില്ലെന്നു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. 

അതേസമയം പവലിയന്‍ നിര്‍മിക്കുന്നത് ജില്ലാ ഭരണകൂടമാണെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടര്‍ക്ക് ഉത്തരവ് നല്‍കിയത്. കഴിഞ്ഞ ദിവസം പവലിയന്‍ നിര്‍മാണം നിര്‍ത്തിവച്ചിരുന്നു. എന്നാൽ പവലിയന്‍ പൊളിച്ചു നീക്കുന്നതില്‍ തീരുമാനം ആയിരുന്നില്ല. കഴിഞ്ഞ മാസം ചേര്‍ന്ന പൂരം അവലോകന യോഗത്തിൽ വിദേശ വിനോദ സഞ്ചാരികളുടെ പേരില്‍ നിര്‍മിക്കുന്ന വിഐപി പവലിയന്‍ വേണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ അറിയിച്ചിരുന്നു. എന്നാൽ വിഐപി പവലിയനിലേക്ക് പാസിനായി കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. 
തൃശ്ശൂർ നഗരം പൂർണ്ണമായും പൂരാവേശത്തിലേക്ക് കടന്നിരിക്കുകയാണ്. 17ന് വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്. 19നാണ് വിശ്വപ്രസിദ്ധമായ  തൃശൂർ പൂരം