കൊച്ചി: തൃശൂര്‍ പൂരം എഴുന്നള്ളത്തില്‍ നിയന്ത്രണങ്ങളുമായി ഹൈക്കോടതി. പുരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് കോടതിയുടെ നിര്‍ദേശം വന്നത്. ആനകളുടെ മുന്നില്‍ ആറ് മീറ്റര്‍ ഒഴിച്ചിടണമെന്നും ഈ പരിധിയില്‍ താളമേളങ്ങളും തീവെട്ടിയും പടക്കവുമൊന്നും പാടില്ലെന്നും കോടതി നിര്‍ദേശം നല്‍കി. കുടമാറ്റത്തിന് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

അതേപോലെ ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഓരോ സര്‍ട്ടിഫിക്കറ്റും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരിക്കുമെന്നും കോടതിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കുന്നതിന് രണ്ട് അഭിഭാഷകരെയും ഹൈക്കോടതി ചുമതലപ്പെടുത്തി. 18 ന് അഭിഭാഷകര്‍ തൃശൂരിലെത്തി പൂരനടത്തിപ്പിന്റെ സമയത്ത് ഫിറ്റ്‌നസ് പരിശോധന പൂര്‍ണമായും നിരീക്ഷിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും കോടതി വ്യക്തമാക്കി.

ആനകളുടെ 50 മീറ്റര്‍ പരിധിയില്‍ താളമേളങ്ങളും തീവെട്ടിയും ആളുകളും പാടില്ലെന്ന പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ സര്‍ക്കുലര്‍ വിവാദമായതോടെ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷിത ദൂരത്തേക്ക് ആളുകളടക്കം മാറണമെന്ന നിര്‍ദേശം നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച കോടതി അകലം ആറ് മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.