ആഗോളതലത്തിൽ ഏറ്റവുമധികം പ്രശസ്തമായ ഇന്ത്യൻ വ്യവസായ ഗ്രൂപ്പുകളിൽ ഒന്നാണ് ടാറ്റ (Tata). ടാറ്റയെന്ന നാമത്തെ തങ്കലിപികളിൽ ആലേഖനം ചെയ്യുന്നതിൽ രത്തൻ ടാറ്റ (Ratan Tata) എന്ന വിഷനറിക്ക് നിസ്തുലമായ പങ്കാണുള്ളത്. ടാറ്റ സൺസിന്റെ മുൻ ചെയർമാനായിരുന്ന, ഏറ്റവുമധികം ആദരിക്കപ്പെടുന്ന ബിസിനസുകാരിൽ ഒരാളായ രത്തൻ ടാറ്റയ്ക്ക് തന്റെ സംഭവബഹുലമായ ബിസിനസ് യാത്രയിൽ നിരവധി വെല്ലുവിളികളെയും നേരിടേണ്ടതായി വന്നിട്ടുണ്ട്.

കൊളംബിയ ബിസിനസ് സ്കൂൾ പങ്കു വെച്ച ഒരു വീഡിയോയിൽ, താൻ ഒരു ഗുണ്ടാ നേതാവിൽ നിന്ന് നേരിട്ട വെല്ലുവിളിയെക്കുറിച്ച് അദ്ദേഹം പറയുന്നു. അപകടകാരിയായ ഒരു കൊള്ളക്കാരനായിരുന്ന ഇയാൾ, രത്തൻ ടാറ്റയെ വധിക്കാനുള്ള ക്വട്ടേഷൻ വരെ എടുത്തിരുന്നു.

ടാറ്റ മോട്ടോഴ്സ് മുമ്പ് ടെൽകോ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. ഈ കമ്പനിയിൽ വലിയ ഒരു യൂണിയൻ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ യൂണി‍യന്റെ നേതൃത്ത്വം ഏറ്റെടുക്കാൻ ഈ ഗുണ്ടാ നേതാവ് ശ്രമിച്ചു. കമ്പനിയുടെ വലിയ സമ്പത്തിലായിരുന്നു ഇയാളുടെ കണ്ണ്. ആക്രമണകാരികളും, കുഴപ്പക്കാരുമായ വലിയ ഒരു സംഘം ഇയാളുടെ അനുയായികളായി ഉണ്ടായിരുന്നു. ഈ സംഘത്തിന്റെ തലവനായ അപകടകാരിയെ അനുനയിപ്പിച്ച്, തടസ്സം ഒഴിവാക്കാനാണ് എല്ലാവരും രത്തൻ ടാറ്റയെ ഉപദേശിച്ചത്. എന്നാൽ രത്തൻ ടാറ്റയെന്ന മഹാനായ ബിസിനസുകാരൻ, അങ്ങനെ തോൽവി സമ്മതിക്കുന്ന കൂട്ടത്തിലായിരുന്നില്ല. ഈ ഗുണ്ടാ നേതാവിനെ പരാജയപ്പെടുത്തുക എന്ന തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്.

ടാറ്റ മോട്ടോഴ്സിലെ ഏതാനും ഉദ്യോഗസ്ഥരെ ഈ ഗുണ്ടാത്തലവൻ ഇതിനിടെ കുത്തിപ്പരുക്കേൽപ്പിക്കുകയുണ്ടായി. രത്തൻ ടാറ്റയ്ക്ക് നൽകിയ മുന്നറിയിപ്പായിരുന്നു ഇത്. മാത്രമല്ല രത്തൻ ടാറ്റയെ തുടർച്ചയായി ഭീഷണിപ്പെടുത്തുകയും, വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ടാറ്റയെ ഭയപ്പെടുത്താൻ പോന്നതായിരുന്നില്ല. പരാജയം സമ്മതിക്കാൻ അദ്ദേഹം തയ്യാറായതേയില്ല.

തുടർന്ന് ഈ ഗുണ്ടാത്തലവൻ കമ്പനിയിൽ സമരപ്രഖ്യാപനം നടത്തി. ആക്രമിക്കപ്പെടുമെന്ന ഭയത്താൽ പ്ലാന്റിലെ ജീവനക്കാർ ജോലിക്കെത്തിയില്ല. തുടർന്ന്, ജീവനക്കാർക്ക് ധൈര്യം പകർന്ന് അവരെ തിരികെ കൊണ്ടു വരാൻ രത്തൻ ടാറ്റ തന്നെ മുന്നിട്ടിറങ്ങുകയാണ്. സമരത്തിനിടെ കമ്പനിയുടെ പ്ലാന്റിൽ സ്ഥിരതാമസമാക്കിയ രത്തൻ ടാറ്റയുടെ അസാധാരണമായ ചങ്കൂറ്റം പ്രകടമായ നാളുകളായിരുന്നു അത്. കുറച്ചു നാളുകൾക്ക് ശേഷം ഗുണ്ടാത്തലവൻ പരാജയപ്പെട്ടു പിൻമാറി.

പിന്നീട് ഇയാൾ അറസ്റ്റിലവുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. എന്നാൽ ജയിലിൽ നിന്ന് പുറത്തു വന്നതിനു ശേഷം രത്തൻ ടാറ്റയെ വധിക്കാൻ ഇയാൾ കരാറെടുക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലും അപകടകാരിയായ ഈ വ്യക്തിയുമായി സന്ധിസംഭാഷണം നടത്താൻ കൂടെയുള്ളവർ രത്തൻ ടാറ്റയെ ഉപദേശിച്ചു. എന്നാൽ അതിന് അദ്ദേഹം ഒരിക്കലും തയ്യാറായില്ലെന്നത് ചരിത്രമാണ്. ടാറ്റ മോട്ടോഴ്സിലെ ലേബർ ഇലക്ഷനിൽ ഇത് വഴിത്തിരിവുകൾ സൃഷ്ടിക്കുകയും, ടാറ്റ മോട്ടോഴ്സ് പുതിയ വിഹായസ്സിലേക്ക് പറന്നുയരുകയും ചെയ്തു. ടാറ്റ ഗ്രൂപ്പിനെ 2500000 കോടി രൂപയിലധികം മാർക്കറ്റ് ക്യാപ്പിലേക്ക് ഉയർത്തിയത് രത്തൻ ടാറ്റയാണ്. ഇതിൽ ഇത്തരം കാരണങ്ങളും പരോക്ഷമായ പങ്കു വഹിച്ചിട്ടുണ്ട്. അപകടകാരിയായ ഗുണ്ടാത്തലവനുമായി ഇടപെടുമ്പോൾ തനിക്ക് മറ്റൊരു രീതിയിലും പെരുമാറുവാൻ സാധിക്കുമായിരുന്നില്ല എന്ന് രത്തൻ ടാറ്റ പറഞ്ഞു.