ന്യൂയോർക്: ഗ്ര​ഹാ​ന്ത​ര പ​ര്യ​വേ​ക്ഷണം ല​ക്ഷ്യം​വെ​ച്ച് സ്‌​പേ​സ് എ​ക്‌​സ് നി​ര്‍മി​ച്ച ക്രൂവില്ലാത്ത കൂ​റ്റ​ന്‍ റോ​ക്ക​റ്റ് സ്റ്റാ​ര്‍ഷി​പ്പി​ന്റെ രണ്ടാമത്തെ പരീക്ഷണ വിക്ഷേപണം നടത്തി. ഇതാദ്യമായി ബഹിരാകാശത്ത് എത്തിയ പേടകം മിനിറ്റുകൾക്ക് ശേഷം പൊട്ടിത്തെറിച്ചു. റോക്കറ്റ് ഹവായിക്കടുത്തുള്ള പസഫിക് സമുദ്രത്തിൽ ഇറക്കാനായിരുന്നു പദ്ധതി.

എന്നാൽ, ബഹിരാകാശത്ത് എത്താൻ കഴിഞ്ഞത് വിജയമാണെന്നാണ് അധികൃതർ പറയുന്നത്. ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്കും പുറത്തേക്കും കൊണ്ടുപോകുന്നതിനായി വികസിപ്പിച്ചെടുത്ത കൂറ്റന്‍ വിക്ഷേപണവാഹനമാണ് സ്റ്റാർഷിപ്. ആളില്ലാത്ത പരീക്ഷണ വിക്ഷേപണങ്ങൾ വിജയിച്ചാൽ മനുഷ്യരെ കൊണ്ടുപോകാനാണ് പദ്ധതി. ഷിപ്പിൽനിന്ന് ബൂസ്റ്റർ വിജയകരമായി വേർപെട്ടു. എന്നാൽ ട്രാക്കിൽ തുടരുന്നതിനിടയിൽ കുറച്ച് സമയത്തിന് ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.

പറന്നുയർന്ന് ഏകദേശം രണ്ടര മിനിറ്റിനുള്ളിൽ സിഗ്നൽ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് റോക്കറ്റിന്റെ സ്വയം-നശീകരണ സംവിധാനം സജ്ജമാക്കി. കഴിഞ്ഞ ഏപ്രിലിൽ നടത്തിയ ഒന്നാം വിക്ഷേപണത്തെ അപേക്ഷിച്ച് ഇതൊരു പുരോഗതിയാണ്. അന്ന് ബഹിരാകാശത്തെത്താൻ കഴിയാതെ പൊട്ടിത്തെറിച്ച് മെക്സിക്കൻ ഉൾക്കടലിൽ പതിച്ചിരുന്നു.