2023ലെ വിശ്വസുന്ദരി കിരീടം സ്വന്തമാക്കി സെൻട്രൽ അമേരിക്കൻ രാജ്യമായ നിക്കരാ​ഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ്. സാൽവഡോറിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ 84 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് ഷീനിസ് വിജയകിരീടം സ്വന്തമാക്കിയത്. ആസ്ട്രേലിയയുടെ മൊറായ വിൽസൺ രണ്ടാംസ്ഥാനവും തായ്ലന്റിന്റെ അന്റോണിയ പൊർസിൽഡ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

2022ലെ വിശ്വസുന്ദരി അമേരിക്കയുടെ ബോണി ​ഗബ്രിയേൽ ഷീനിസിന് കിരീടമണിയിച്ചു. മിസ് യൂണിവേഴ്സ് കിരീടം കരസ്ഥമാക്കുന്ന ആദ്യത്തെ നിക്കരാ​ഗ്വക്കാരിയാണ് ഷീനിസ്. 23കാരിയായ ഷീനിസ് അവതാരകയും മോഡലുമാണ്. ആഗോള മത്സരത്തിൽ പങ്കെടുക്കുകയെന്ന ബാല്യകാല സ്വപ്‌നമാണ് പൂവണിഞ്ഞിരിക്കുന്നതെന്നാണ് ഷീനിസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2016 മുതൽ വിവിധ മത്സരങ്ങളിൽ വിജയിയായിട്ടുള്ള വ്യക്തിയാണ് ഷീനിസ്. 2016 നിക്കാരഗ്വ മിസ് ടീൻ, മിസ് വേൾഡ് നിക്കാരഗ്വ 2020 എന്നീ പട്ടങ്ങൾ സ്വന്തമാക്കിയ ഷീനിസ് മിസ് വേൾഡ് 2021ലെ ആദ്യ നാൽപ്പതിലും ഇടംനേടിയിരുന്നു. കമ്മ്യൂണിക്കേഷനിൽ ബിരുദമുള്ള ഷീനിസ് മാനസികാരോ​ഗ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

ഇന്ത്യയെ പ്രതിനിധീകരിച്ച് ചണ്ഡി​ഗഡ് സ്വദേശിയായ ശ്വേത ശാർദയെന്ന ഇരുപത്തിമൂന്നുകാരിയും പങ്കെടുത്തിരുന്നു. എന്നാൽ അവസാന ഇരുപതുപേരിൽ മാത്രമേ ശ്വേതയ്ക്ക് ഉൾപ്പെടാനായുള്ളു. വ്യക്തിപ്രഭാവം, അഭിമുഖങ്ങൾ, വസ്ത്രങ്ങൾ, റാംപ് വാക്ക് തുടങ്ങിയവയ്ക്കു ശേഷമാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.