വാഷിങ്ടൺ: യു.എസിലെ കൊളറാഡോയിൽ ആഗസ്റ്റ് മാസം ട്രെക്കിങ്ങിന് പോയി കാണാതായ 71കാരന്റെ മൃതദേഹത്തിന് മാസങ്ങളോളം കാവൽ നിന്ന് വളർത്തുനായ്. റിച്ച് മൂർ എന്നയാളുടെ മൃതദേഹത്തിനരികിൽ കാവലായി നിന്നത് ജാക്ക് റസൽ ടെറിയർ ഇനത്തിലുള്ള ഫിന്നിയെന്ന വളർത്തുനായായിരുന്നു.

കൊളറാഡോയിലെ ബ്ലാക്ക് ഹെഡ് കൊടുമുടിയിലാണ് റിച്ച് മൂർ ഫിന്നിക്കൊപ്പം ട്രെക്കിങിനായി പോയത്. എന്നാല്‍ ട്രെക്കിങ്ങിനിടെ വഴിതെറ്റി കാട്ടില്‍ കുടുങ്ങിയ റിച്ച് മൂർ മരണത്തിന് കീഴടങ്ങുകയായിരുന്നു. കടുത്ത പട്ടിണിയിലും റിച്ച് മൂറിനെ കാട്ടിൽ ഉപേക്ഷിച്ച് പോരാൻ ഫിന്നി ശ്രമിച്ചില്ല.

അവശതയിലായ നായയേയും റിച്ച് മൂറിന്റെ മൃതദേഹത്തെയും കഴിഞ്ഞ ദിവസമാണ് ഇതുവഴിയെത്തിയ വേട്ടക്കാർ കണ്ടെത്തിയത്. തുടർന്ന് ഫിന്നിയെ റിച്ച് മൂറിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. റിച്ച് മൂറിന്റെ മരണത്തിൽ അസ്വഭാവികതകളോ ദുരൂഹതയോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. ആഗസ്റ്റ് 19നാണ് റിച്ച് മൂറിനെ കാണാതായത്. 12,500 അടി ഉയരമുള്ള ബ്ലാക്ക് ഹെഡ് കൊടുമുടിയിൽ നിന്ന് ഏറെ അകലെയല്ലാത്ത പാഗോസ സ്പ്രിംഗ് സ്വദേശിയാണ് റിച്ച് മൂർ.

2000 മണിക്കൂർ ആകാശ മാർഗവും കരയിലൂടെയുമായി തെരച്ചില്‍ നടന്നിരുന്നെങ്കിലും റിച്ച് മൂറിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം സമാനമായ സംഭത്തിൽ 74 വയസ് പ്രായമുള്ളയാൾ മലകയറുന്നതിനിടെ മരിച്ചിരുന്നു. അന്ന് ഫിന്നിയേപ്പോലെ മൃതദേഹത്തിന് കാവല്‍ നിന്നത് റേഞ്ചർ എന്ന നായയാണ്.