ഇംഫാല്‍: മണിപ്പുരിൽ കലാപം തുടരുന്നു. ഞായറാഴ്ച നാല് വയസുകാരനെയും അമ്മയെയും ബന്ധുവിനെയും ആള്‍ക്കൂട്ടം ആംബുലൻസിന് തീവെച്ച് കൊലപ്പെടുത്തി. ടോൺസിങ് ഹാംങ്‌സിങ് (4), അമ്മ മീന (45), ബന്ധു ലിദിയ (37) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയാണ് ആള്‍ക്കൂട്ടം ഇവരെ കൊലപ്പെടുത്തിയത്. മെയ്ത്തി വിഭാഗത്തില്‍പ്പെട്ട മീന കുക്കി വിഭാഗക്കാരനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മൂന്നുപേരും ​ദാരുണമായി കൊല്ലപ്പെട്ടത്.

അസം റൈഫിള്‍സിന്റെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഇവിടെ വെടിവെപ്പുണ്ടായി. നാലു വയസുകാരനായ ടോണ്‍സിംഗിന് വെടിയേറ്റു. തുടര്‍ന്ന് അസം റൈഫിള്‍സ് കമാന്‍ഡല്‍ പോലീസിന്റെ അകമ്പടിയോടെ ആംബുലൻസിൽ ഇംഫാലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

നാല് കിലോമീറ്ററോളം അസം റൈഫിള്‍സ് ഇവര്‍ക്ക് അകമ്പടി പോയിരുന്നു. ശേഷം പോലീസിന് സുരക്ഷ കൈമാറുകയായിരുന്നുവെന്നാണ് വിവരം.

വൈകീട്ട് 6.30 ഓടെ ഐസോയിസിംബ എന്ന സ്ഥലത്ത് വെച്ച് ആള്‍ക്കൂട്ടം ആംബുലന്‍സിന് തീയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആംബുലന്‍സിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ബന്ധു പറഞ്ഞു. അതേ സമയം ആഭ്യന്തര മന്ത്രാലയവും മണിപ്പുര്‍ പോലീസും ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ്. ജവാന് വീരമൃത്യു വരിച്ചിരുന്നു. അര്‍ധസൈനികവിഭാഗമായ അസം റൈഫിള്‍സിലെ രണ്ടുസൈനികര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഗോത്രവിഭാഗങ്ങള്‍ ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി വരികയാണ്. കുക്കി-സോമി-ഹമര്‍-മിസോസ് തുടങ്ങിയ ഗോത്രവിഭാഗങ്ങളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.