ന്യൂയോർക്ക്: ജൂൺ അഞ്ചിന് ലോക വ്യാപകമായി പരിസ്ഥിതി ദിനം ആചരിക്കും. ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം ‘പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ’ എന്നതാണ്. വർധിച്ചുവരുന്ന പ്ലാസ്റ്റിക് മലിനീകരണത്തിൽ അടുത്തിടെ യുഎൻ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചതും ശ്രദ്ധേയമാണ്. ഇത് പരിസ്ഥിതിക്കും മനുഷ്യാവകാശത്തിനും ഭീഷണിയാണെന്ന് അവർ പറയുന്നു. വർധിച്ചുവരുന്ന ഈ ഭീഷണിയെ നേരിടാൻ എത്രയും വേഗം ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

പ്ലാസ്റ്റിക് ഇന്ന് എല്ലായിടത്തും ഉണ്ട് എന്നത് മാത്രമല്ല, എക്കാലവും ഉണ്ടാകും എന്നതാണ് ഗൗരവകരം. പ്ലാസ്റ്റിക്കിൽ ഉണ്ടാക്കിയ പാത്രങ്ങളിൽ നാം തിന്നുകയും കുടിക്കുകയും ചെയ്യുന്നു, അതിന്റെ കസേരയിൽ ഇരുന്നു, പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച കാറുകളിൽ യാത്ര ചെയ്യുന്നു. പ്ലാസ്റ്റിക് നനവുള്ളതല്ല, ദ്രാവക വസ്തുക്കൾ ചോർന്നൊലിക്കുന്നില്ല. ഇത് വഴക്കമുള്ളതും ഭാരം കുറഞ്ഞതുമാണ്. ഇത് വജ്രം പോലെ വിലയേറിയതല്ല, എക്കാലവും നിലനിൽക്കുകയും ചെയ്യും. പ്ലാസ്റ്റിക്കിന്റെ ഈ ഗുണമേന്മകൾ തന്നെയാണ് നമുക്കും നമ്മുടെ ഭൂമിക്കും പരിസ്ഥിതിക്കും ഭീഷണിയായി മാറിയിരിക്കുന്നത്.

പ്ലാസ്റ്റിക് തീർച്ചയായും ഉപയോഗപ്രദമായ ഒരു ഘടകമാണ്, അതുകൊണ്ടാണ് ഇന്ന് ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും അത് കാണപ്പെടുന്നത്. എന്നാൽ തടി, ഇരുമ്പ്, കടലാസു സാധനങ്ങൾ ഉപയോഗശൂന്യമാകുമ്പോൾ നമ്മൾ വലിച്ചെറിയുന്ന രീതിയിൽ പ്ലാസ്റ്റിക് വസ്തുക്കളും വലിച്ചെറിയുന്നത് ശരിയാണോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മൾ അത് മണ്ണിലോ വെള്ളത്തിലോ എറിയുമ്പോൾ എന്ത് സംഭവിക്കും? അത് കത്തിച്ചാൽ എന്ത് സംഭവിക്കും?.

മറ്റേതൊരു മൂലകത്തെയും ജൈവവസ്തുക്കളെയും പോലെ പ്ലാസ്റ്റിക് മണ്ണിൽ ജീർണിക്കില്ല, നൂറുകണക്കിന് വർഷങ്ങളായി എറിഞ്ഞിടത്ത് തന്നെ ഉണ്ടാവും. ഇതോടൊപ്പം ആ സ്ഥലവും രാസവസ്തുക്കൾ മൂലം വിഷലിപ്തമാക്കുന്നു. പ്ലാസ്റ്റിക് മണ്ണിനെ തരിശായി മാറ്റുന്നു. വെള്ളത്തിൽ എത്തിപ്പെട്ടാൽ അത് ജലത്തെ വിഷലിപ്തമാക്കുക മാത്രമല്ല, ജലജീവികളുടെ മരണത്തിന് കാരണമാവുകയും ചെയ്യും.

കഴിഞ്ഞ 50 വർഷങ്ങളിൽ, പ്ലാസ്റ്റിക്കിന്റെ ഉപയോഗം മറ്റെന്തിനേക്കാളും അതിവേഗം വർധിച്ചു. 1960ൽ ലോകത്ത് 50 ലക്ഷം ടൺ പ്ലാസ്റ്റിക് ഉണ്ടാക്കിയിരുന്നത് ഇന്ന് 300 കോടി ടൺ കടന്നിരിക്കുന്നു. അതായത് ഓരോ വർഷവും ഓരോ വ്യക്തിക്കും ഏകദേശം അര കിലോ പ്ലാസ്റ്റിക് ഉണ്ടാക്കുന്നുണ്ട്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന മൈക്രോ പ്ലാസ്റ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് ബഡ്‌സ് വെള്ളത്തിൽ ലയിച്ച് ജലമലിനീകരണം വർധിപ്പിക്കുന്നു. ജലജീവികളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും 2017 ജൂലൈയിൽ ഇത് നിരോധിച്ചു, എന്നാൽ ഇത് നമ്മുടെ പരിസ്ഥിതിക്ക് വരുത്തിയ നാശനഷ്ടങ്ങൾ നികത്താൻ എത്ര സമയമെടുക്കുമെന്ന് പറയാൻ പ്രയാസമാണ്.

പ്ലാസ്റ്റിക്കുകളിൽ ഭൂരിഭാഗവും നമ്മുടെ സമുദ്രങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നു. 2016 ൽ സമുദ്രത്തിൽ ഏഴ് ട്രില്യൺ പ്ലാസ്റ്റിക് കഷണങ്ങൾ ഉണ്ടെന്ന് ശാസ്ത്ര പഠനങ്ങൾ കണക്കാക്കുന്നു, ഇതിന് മൂന്ന് ദശലക്ഷം ടണ്ണിലധികം ഭാരമുണ്ട്. ഐക്യരാഷ്ട്രയുടെ റിപ്പോർട്ട് അനുസരിച്ച് പ്ലാസ്റ്റിക് ശുചീകരണത്തിൽ വിവിധ രാജ്യങ്ങൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. 13 ബില്യൺ ഡോളറാണ് അമേരിക്കയുടെ കടൽത്തീരങ്ങളിൽ നിന്ന് പ്ലാസ്റ്റിക് വൃത്തിയാക്കാൻ ചിലവഴിക്കുന്നത്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് പോലും ഇത് വലിയ ഭാരമാണ്.


ലോകത്തിന്റെ പല ഭാഗങ്ങളിലും, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നാണ് റോഡുകൾ നിർമിക്കുന്നത്. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കല്ലുകളുടെ ക്ഷാമം മറികടക്കാൻ പ്ലാസ്റ്റിക് ചെറിയ കഷണങ്ങളാക്കി കോൺക്രീറ്റായി ഉപയോഗിക്കുന്നു. നിലവിൽ, ലോകത്തിലെ പ്ലാസ്റ്റിക്കിന്റെ മൂന്നിലൊന്ന് മാത്രമാണ് പുനരുപയോഗം ചെയ്യുന്നത്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, പ്ലാസ്റ്റിക് പരമാവധി അളവിൽ പുനരുപയോഗിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് ഉപയോഗം തീരെ ഒഴിവാക്കാൻ ആവില്ലെങ്കിലും കുറക്കാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. നമ്മൾക്കും അതിനായി ചിലത് സ്വയം ചെയ്യാൻ കഴിയും.

സിന്തറ്റിക് അല്ലെങ്കിൽ കൃത്രിമ പോളിമറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രകൃതിദത്ത പോളിമറുകൾ സസ്യങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും ലഭിക്കുന്നു. ഇത് പരിസ്ഥിതിക്ക് തികച്ചും ദോഷകരമല്ലാത്തതാണ്. പരുത്തിയും പട്ടും ഇതിന് ഉദാഹരണമാണ്. പല ഭക്ഷ്യ വസ്തുക്കളിലും കാണപ്പെടുന്ന അന്നജം, പ്ലാസ്റ്റികിന് പകരം വയ്ക്കാം. ഈ ദിശയിൽ ശാസ്ത്രജ്ഞർ ഗവേഷണം ആരംഭിച്ചിട്ടുണ്ട്. അന്നജം അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നതിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് അവ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നതാണ്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, കളിമണ്ണ്, ലോഹം, ഗ്ലാസ് എന്നിവകൊണ്ട് നിർമിച്ച പാത്രങ്ങൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. ക്രമേണ വിലകുറഞ്ഞ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ അവയുടെ സ്ഥാനം ഏറ്റെടുത്തു. വീണ്ടും അതേ ഉത്പന്നങ്ങളിലേക്ക് തിരിയുകയാണെങ്കിൽ പ്ലാസ്റ്റിക് ഉൽപാദനം തടയാനാകും. മിക്ക പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഒരിക്കൽ മാത്രം ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യുന്നു. അത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തുക. ദീർഘകാലത്തേക്ക് ഉപയോഗിക്കാവുന്ന പ്രകൃതിദത്ത ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക. മാർക്കറ്റിലേക്ക് പോകുമ്പോൾ തുണിയുടെയോ മറ്റോ പ്രകൃതി സൗഹൃദമായ സഞ്ചികൾ കരുതുക.