ആഫ്രിക്കൻ വിദ്യാഭ്യാസ ഉടമ്പടി പ്രചരിപ്പിക്കുന്നവരുടെ പ്രതിനിധികളുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയിൽ, ക്രൈസ്തവ മൂല്യങ്ങളിൽ നിന്നും ആഫ്രിക്കയുടെ പരമ്പരാഗത സംസ്കാരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് യുവജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാനുദ്ദേശിച്ചുള്ള അവരുടെ സംരംഭത്തെ പ്രശംസിച്ചു. വളരെ പ്രധാന്യമർഹിക്കുന്ന ഒരു നവീനതയായ ആഫ്രിക്കൻ വിദ്യാഭ്യാസ ഉടമ്പടിയുമായി വരുന്ന അവരെ താൻ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും പാപ്പാ അറിയിച്ചു.

കോംഗോ മെത്രാൻ സമിതിയുടെ രക്ഷാകർത്തൃത്വത്തിൽ അന്തർദ്ദേശിയ മതങ്ങളുടേയും സമൂഹങ്ങളുടെയും സ്ഥാപനവും കോംഗോ കത്തോലിക്കാ യൂണിവേഴ്സിറ്റിയും ചേർന്ന് 2023 നവംബറിൽ കിൻഷാസായിൽ നടത്തിയ അന്തർദേശിയ സിംപോസിയത്തിന്റെ ഫലമാണ് ഈ ഉടമ്പടി. 2019 ൽ ഫ്രാൻസിസ് പാപ്പാ ആരംഭിച്ച ആഗോള വിദ്യാഭ്യാസ ഉടമ്പടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സിംപോസിയത്തിൽ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അല്ലാതെയും അനേകം മെത്രാന്മാരും, വൈദീകരും, ശാസ്ത്രജ്ഞരും, പണ്ഡിതരും പങ്കെടുത്തു. ആഗോള വിദ്യാഭ്യാസ ഉടമ്പടി പ്രാദേശികമാകണമെന്നത് കൃത്യമായി മനസ്സിലാക്കി ആദ്യമായി ഒരു ഭൂഖണ്ഡ വിദ്യാഭ്യാസ ഉടമ്പടി സാധ്യമാക്കിയ അവരെ പാപ്പാ അഭിനന്ദിച്ചു.

ഒരു കുഞ്ഞിന് വിദ്യാഭ്യാസം നൽകുക എന്നത് മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്വമല്ല, മറിച്ച് സമൂഹത്തിലെ എല്ലാവരുടേതുമാണെന്ന് ഗ്രാമത്തിലെ എല്ലാവരും ചേർന്നെടുക്കുന്നതാണ് ഈ വിദ്യാഭ്യാസ ഉടമ്പടി. അതിനാൽ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. പാപ്പാ കൂട്ടിച്ചേർത്തു.

ആഫ്രിക്കൻ വിദ്യാഭ്യാസ ഉടമ്പടി ബന്ധങ്ങളുടെ സാമൂഹികവും തിരശ്ചീനവുമായ തലങ്ങൾ വീണ്ടെടുക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്നും ദൈവവുമായുള്ള ലംബ തലം ഉയർത്തി കാട്ടുകയും വേണമെന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു. വളരെ ഉത്സാഹത്തോടെ ക്രൈസ്തവ പ്രഘോഷണങ്ങളോടു തുറവ് കാട്ടിയ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ക്രൈസ്തവരുടേയും കത്തോലിക്കരുടേയും എണ്ണത്തിൽ വളരെയേറെ വർദ്ധനയുണ്ടായതിനെക്കുറിച്ച് പാപ്പാ സൂചിപ്പിച്ചു.