രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2022 – 23) ചില ശമ്പളക്കണക്കുകൾ പുറത്തുവന്നു. ജീവനക്കാരുടെ ശരാശരി ശമ്പളത്തിൽ വർധന രേഖപ്പെടുത്തിയപ്പോൾ, കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ (CEO) വാർഷിക ശമ്പളത്തിൽ ഇടിവാണ് കാണിച്ചത്. ഇൻഫോസിസ് സിഇഒയായ സലിൽ പരീഖിന്റെ ശമ്പളത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ 21 ശതമാനം ഇടിവ് നേരിട്ടതായാണ് റിപ്പോർട്ട്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിനിടെ വാർഷിക ശമ്പളവും ആനുകൂല്യങ്ങളുമായി ആകെ 56.44 കോടിയാണ് സലിൽ പരീഖ് നേടിയത്. തൊട്ടുമുന്നത്തെ (2021 – 22) സാമ്പത്തിക വർഷത്തിൽ അദ്ദേഹം ശമ്പളമായി പിൻവലിച്ചത് 71.02 കോടിയായിരുന്നു. ഒരു വർഷത്തിനിടെ ശമ്പളത്തിൽ 15 കോടിയുടെ കുറവാണ് സലിൽ പരീഖിന് നേരിട്ടത്. കമ്പനിയുടെ വാർഷിക റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്.
2022-23 സാമ്പത്തിക വർഷത്തിൽ റെസ്ട്രിക്ടഡ് സ്റ്റോക്ക് യൂണിറ്റുകളായി (RSU) ലഭിച്ച 1,24,783 ഓഹരികൾ അദ്ദേഹം പണമാക്കി മാറ്റിയെടുത്തിരുന്നു. ഇതിലൂടെ 30.60 കോടി രൂപയാണ് സലിൽ പരീഖ് നേടിയത്. ഇതും കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രതിഫല കണക്കുകളിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം 2021-22 കാലയളവിൽ നിന്നും 2022-23 സാമ്പത്തിക വർഷത്തിലേക്ക് എത്തിയപ്പോൾ സലിൽ പരീഖിന്റെ ശമ്പളത്തിൽ 43 ശതമാനം വർധന ലഭിച്ചിരുന്നു.

ഇതിനിടെയിലും കഴിഞ്ഞ സാമ്പത്തിക വർഷത്തിനിടെ ഇൻഫോസിസിലെ ജീവനക്കാരുടെ ശമ്പളത്തിൽ വർധനവ് പ്രകടമാണെന്ന് കാണാം. 2022-23 സാമ്പത്തിക വർഷത്തിനിടെ ജീവനക്കാരുടെ ശരാശരി ശമ്പളം 9,00,012 രൂപയായി ഉയർന്നു. 2021-22 സാമ്പത്തിക വർഷത്തിനിടെയുള്ള ജീവനക്കാരുടെ ശരാശരി ശമ്പളം 8,14,332 രൂപയായിരുന്നു. ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പളത്തിൽ 10 ശതമാനത്തോളം വർധനവ് കാണാം. മറ്റ് രാജ്യങ്ങളിൽ അവിടെ പ്രചാരത്തിലുള്ള നിരക്കിലുമാണ് ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചതെന്നും വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.