മൂന്നാർ: ഇടുക്കിയിലെ ചിന്നക്കനാലിൽ  കാട്ടാനയുടെ മുന്നിൽപ്പെട്ട് ഭയന്നോടിയാൾക്ക് വീണ് പരിക്കേറ്റു. ചിന്നക്കനാൽ 301 കോളനി സ്വദേശി കുമാറിന് (49) ആണ് പരിക്കേറ്റത്.  വൈകുന്നേരം 7 മണിയോടെ ആണ് സംഭവം. സൂര്യനെല്ലിയിൽ വന്ന ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുമാർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആന ചിന്നം വിളിച്ചെത്തിയതോടെ കുമാർ തിരിഞ്ഞ് ഓടി. രക്ഷപ്പെട്ട് ഓടുന്നതിനിടെ  നിലത്ത് വീണ് കുമാറിന്‍റെ തലയ്ക്കും കാലിനും  പരിക്കേൽക്കുകയായിരുന്നു.

ചക്കക്കൊമ്പനെ കണ്ടാണ് താൻ ഓടിയതെന്ന് കുമാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനിടെ ഇടുക്കിയിൽ നിന്നും മയക്കുവെടിവെച്ച് മാറ്റിയ അരിക്കൊമ്പൻ തമിഴ്നാട്ടിൽ തന്നെ തുടരുകയയാണ്. മയക്കു വെടിവെക്കാൻ അവസരം നൽകാതെ തമിഴ്നാട് തേനി ജില്ലയിലെ വനത്തിനുള്ളിൽ ആണ് അരിക്കൊമ്പൻ ഉള്ളത്. ഇന്നലെ പുലർച്ചെ മുതൽ പൂശാനംപെട്ടി മേഖലയിലെ വനത്തിനുള്ളിലാണ് അരിക്കൊമ്പനുള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.