ന്യൂഡെൽഹി: ദേശീയ മെഡിക്കൽ കമ്മീഷൻ (NMC) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തെ 40 മെഡിക്കൽ കോളേജുകളുടെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കി. 150 ഓളം മെഡിക്കൽ കോളജുകൾ ഇപ്പോഴും നടപടിയുടെ വക്കിലാണ്. തമിഴ്‌നാട്, ഗുജറാത്ത്, അസം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നൂറോളം മെഡിക്കൽ കോളജുകളിലും സമാനമായ നടപടിയുണ്ടാകുമെന്ന് ചൊവ്വാഴ്ച ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഈ കോളജുകളിൽ കാമറ, ബയോമെട്രിക് ഹാജർ, ഫാക്കൽറ്റി തുടങ്ങിയ പ്രധാന കാര്യങ്ങളുടെ അഭാവം കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നടപടി സ്വീകരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഈ കോളജുകളിൽ കഴിഞ്ഞ മാസം നടത്തിയ അന്വേഷണത്തിലാണ് വീഴ്ചകൾ കണ്ടെത്തിയത്. എന്നിരുന്നാലും, ഇതുവരെ അംഗീകാരം റദ്ദാക്കിയ കോളജുകൾക്ക് അപ്പീൽ നൽകാനുള്ള അവസരമുണ്ട്.

സർക്കാർ കണക്കുകൾ പ്രകാരം 2014 മുതൽ മെഡിക്കൽ കോളജുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. 2014ൽ 387 മെഡിക്കൽ കോളജുകളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 69 ശതമാനം വർധനയോടെ 654 ആയി ഉയർന്നതായി ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ഫെബ്രുവരിയിൽ രാജ്യസഭയിൽ പറഞ്ഞിരുന്നു. ഇതിനുപുറമെ എംബിബിഎസ് സീറ്റുകളിൽ 94 ശതമാനം വർധനവുണ്ടായി, 2014ന് മുമ്പ് 51,348 സീറ്റുകളുണ്ടായിരുന്നത് ഇപ്പോൾ 99,763 ആയി ഉയർന്നു.

പിജി സീറ്റുകളിൽ 107 ശതമാനം വർധനവുണ്ടായി, 2014ന് മുമ്പ് 31,185 സീറ്റുകളുണ്ടായിരുന്നത് ഇപ്പോൾ 64,559 ആയി ഉയർന്നു.രാജ്യത്ത് ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ മെഡിക്കൽ കോളജുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും അതിനനുസരിച്ച് എംബിബിഎസ് സീറ്റുകളും വർധിപ്പിച്ചിട്ടുണ്ടെന്നും പ്രവീൺ പവാർ പറയുന്നു.

അംഗീകാരം റദ്ദാക്കിയ കോളജുകൾക്ക് വേണമെങ്കിൽ, അടുത്ത 30 ദിവസത്തിനുള്ളിൽ ദേശീയ മെഡിക്കൽ കമ്മീഷനിൽ ആദ്യ അപ്പീൽ നൽകാം. തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് രണ്ടാമത്തെ അപ്പീൽ നൽകാം. ദേശീയ മെഡിക്കൽ കമ്മീഷനും മന്ത്രാലയവും കോളജുകളിൽ നിന്ന് ലഭിച്ച അപ്പീൽ രണ്ട് മാസത്തിനുള്ളിൽ തീർപ്പാക്കും.