ന്യൂഡൽഹി: പുതിയ 100 അലൂമിനിയം നിർമിത വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കാൻ കരാർ നേടി ഫ്രഞ്ച് റെയിൽവേ കമ്പനി അൽസ്റ്റോം. നിലവിൽ സ്റ്റീലിൽ നിർമിക്കുന്ന വന്ദേ ഭാരത് അലൂമിനിയത്തിലേയ്ക്ക് മാറുന്നതോടെ ട്രെയിനുകളുടെ ഭാരം കുറയുകയും പ്രകടനം ഗണ്യമായി കൂടുകയും ചെയ്യും. റെയിൽവേ ക്ഷണിച്ച ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്താണ് അൽസ്റ്റോം 100 ട്രെയിനുകൾക്കുള്ള കരാർ നേടിയത്. മൊത്തം 30,000 കോടി രൂപയുടേതാണ് കരാർ.

വരുന്ന നാലുവർഷത്തിനുള്ളിൽ സ്ലീപ്പർ, ചെയർകാർ വകഭേദങ്ങളിലായി 400ലധികം വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ട്രെയിനുകൾ നിർമിക്കുന്നതോടൊപ്പം 35 വർഷത്തോളം പരിപാലനവും കൂടി ഉൾപ്പെടുന്നതാണ് കരാർ. 13,000 കോടി രൂപ ട്രെയിനുകൾ നിർമിച്ചു കൈമാറുമ്പോൾ കമ്പനിയ്ക്ക് റെയിൽവേ നൽകും. ശേഷിക്കുന്ന തുക ഘട്ടം ഘട്ടമായി കൈമാറും. നിലവിൽ കൊച്ചി അടക്കമുള്ള മെട്രോകൾക്ക് കോച്ചുകൾ നിർമിച്ചു നൽകുന്ന അൽസ്റ്റോം ലോകത്തെ ഏറ്റവും വലിയ ലോക്കോമോട്ടീവ് കമ്പനികളിലൊന്നാണ്. ഇന്ത്യൻ റെയിൽവേയ്ക്ക് ചരക്കുനീക്കത്തിനുള്ള ശക്തിയേറിയ ഇലക്ട്രിക് ലോക്കോമോട്ടീവും അൽസ്റ്റോം നിർമിച്ചു നൽകുന്നുണ്ട്. ഡൽഹിയിലെ പുതിയ സെമി ഹൈസ്പീഡ് റീജിയണൽ റെയിൽ സംവിധാനമായ റാപ്പിഡക്സിനു വേണ്ടി ആധുനിക കോച്ചുകൾ നിർമിക്കുന്നതും അൽസ്റ്റോമാണ്.

ഒരു അലൂമിനിയം നിർമിത വന്ദേ ഭാരത് ട്രെയിൻസെറ്റ് 151 കോടി രൂപയ്ക്ക് നിർമിച്ചു കൈമാറാമെന്നാണ് അൽസ്റ്റോമിൻ്റെ വാഗ്ദാനം. ടെൻഡറിൽ രണ്ടാം സ്ഥാനത്തെത്തിയ സ്റ്റാഡ്ലര്ർ – മേധാ കൺസോര്ർഷ്യം 169 കോടി രൂപയായിരുന്നു ഒരു ട്രെയിൻസെറ്റിന് നിശ്ചയിച്ച വില. സീമൻസ് – ബിഇഎംഎൽ കൺസോര്ർഷ്യം, റഷ്യൻ കമ്പനിയായ ട്രാൻസ്മാഷ്ഹോൾഡിങ്, ആർവിഎൻഎൽ തുടങ്ങിയവരും ടെൻഡർ ക്ഷണിക്കുമെന്ന് റെയിൽവേ പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ കമ്പനികൾ മുന്നോട്ടു വന്നില്ല. റെയിൽവേയ്ക്കു വേണ്ടി 120 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാൻ മുൻപ് റഷ്യൻ കമ്പനിയായ ട്രാൻസ്മാഷ്ഹോൾഡിങ് അടങ്ങിയ സഖ്യം കരാർ നേടിയിരുന്നു.

അലൂമിനിയം നിർമിത ട്രെയിനുകൾക്കായി കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു റെയിൽവേ ആദ്യഘട്ട ടെൻഡർ വിളഇച്ചത്. എന്നാൽ കൂടുതൽ കമ്പനികളിൽ നിന്ന് പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിൽ ഫെബ്രുവരി 23 വരെ തീയതി നീട്ടുകയായിരുന്നു. അടുത്ത വർഷം മാർച്ചിനു മുൻപായി ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറക്കാനാകുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ഇതിനോടകം 200 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്കും 102 ചെയർകാർ ട്രെയിനുകൾക്കും റെയിൽവേ കരാർ നൽകിയിട്ടുണ്ട്. അതേസമയം, വരുന്ന സ്വാതന്ത്ര്യദിനത്തിനു മുൻപായി 75 വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലിറക്കുക എന്ന റെയിൽവേയുടെ ലക്ഷ്യം നടപ്പാകാൻ സാധ്യത കുറവാണ്. കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ നിന്ന് ഓഗസ്റ്റിനു മുൻപായി 32 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇതുവരെ ഒന്നു പോലും ഇറങ്ങിയിട്ടില്ല. ചെന്നൈ ഐസിഎഫിൽ നിന്നു തന്നെയാണ് നിലവിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറങ്ങുന്നത്. വൈകാതെ സാധ്യമായ എല്ലാ സംസ്ഥാനങ്ങളിലും ഒരു വന്ദേ ഭാരത് ട്രെയിനെങ്കിലും വിന്യസിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഭാവിയിൽ സ്ലീപ്പർ ട്രെയിനടക്കം കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിക്കാനും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.

ഇതാദ്യമായാണ് വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കാനായി അൽസ്റ്റോം കരാർ നേടുന്നത്. അലൂമിനിയം നിർമിത വന്ദേ ഭാരത് ട്രെയിനുകൾ കാഴ്ചയിൽ കൂടുതൽ ഭംഗിയുള്ളതായിരിക്കുമെന്നുമെന്ന് വന്ദേ ഭാരത് സൃഷ്ടാവായ സുധാംശു മണി മുൻപ് വ്യക്തമാക്കിയിരുന്നു. അലൂമിനിയം നിർമിത ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ ശേഷിയുണ്ടായിരിക്കും. അതേസമയം, ട്രാക്കുകളുടെ വേഗത കൂട്ടുന്ന നടപടിയിൽ വലിയ പുരോഗതിയില്ലാത്തതിനാൽ സർവീസ് നടത്തുമ്പോൾ ഈ ട്രെയിനുകൾക്ക് ആർജിക്കാൻ കഴിയുന്ന വേഗത എത്രയെന്ന കാര്യത്തിൽ സംശയം ബാക്കിയാണ്.