ബഹുഭാഷാപണ്ഡിതനും സര്‍വവിജ്ഞാനകോശം മുന്‍ ഡയറക്ടറുമായിരുന്ന ഡോ. വെള്ളായണി അര്‍ജുനന്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വെള്ളായണിയിലെ കുടുംബ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി എട്ടിന്.

2008 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച് മൂന്ന് ഡി ലിറ്റ് ബിരുദം നേടിയ ആദ്യത്തെ ഇന്ത്യക്കാരനായ ആളാണ് ഇദ്ദേഹം. നാലു ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുണ്ട്. ആകാശവാണിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

1975-ല്‍ സ്റ്റേറ്റ് എന്‍സൈക്ലോപീഡിയയുടെ ഡയറക്ടറായ ശേഷം എൻസൈക്ലോപീഡിയയെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, എം ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഡയറക്ടര്‍ തുടങ്ങി പല പദവികളും വഹിച്ചു. സര്‍വവിജ്ഞാനകോശം, വിശ്വവിജ്ഞാനകോശം എന്നിവ തയ്യാറാക്കുന്നതിലും മലയാളം മഹാനിഘണ്ടുവിന്റെ നിര്‍മാണത്തിലും പങ്കാളിയായിട്ടുണ്ട്. നാല്‍പ്പതോളം പുസ്തകങ്ങള്‍ രചിച്ചു. ഉദയകാന്തി, ഉദ്യാനവിരുന്ന്, ഗവേഷണ മേഖല എന്നീ കൃതികള്‍ സ്‌കൂള്‍-കോളേജ് തലങ്ങളില്‍ പാഠപുസ്തകങ്ങളായി. ഇരുപതോളം പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

1933 ഫെബ്രുവരി 10-ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടില്‍ പി ശങ്കരപ്പണിക്കരുടെയും പി നാരായണിയുടെയും മകനായാണ് വെള്ളായണി അര്‍ജുനന്‍ ജനിച്ചത്.  ഭാര്യ:  രാധാമണി എ. മക്കള്‍: ഡോ. സുപ്രിയ, സാഹിതി, ഡോ. രാജശ്രീ, ജയശങ്കര്‍ പ്രസാദ്.