ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിലെ ആദിവാസി ഗ്രാമത്തില്‍ മരിച്ച പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കയറ്റിയ ആംബുലന്‍സിന് ചെളി നിറഞ്ഞ റോഡിലൂടെ മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ കുട്ടിയുടെ മൃതദേഹം കുറച്ച് ദൂരം കാല്‍നടയായി കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. മാതാപിതാക്കളും അമ്മൂമ്മയും ചേര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ചുമക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 18 മാസം പ്രായമുള്ള കുട്ടി കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.

തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ആനൈക്കട്ട് താലൂക്കിലെ അല്ലേരി ഹില്‍ പഞ്ചായത്തിലെ ആദിവാസി കുഗ്രാമമായ അതിരമരത്തു കൊല്ലയിലെ ധനുഷ്‌കയാണ് മരിച്ചത്. വെള്ളിയാഴ്ച ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട്, ദിവസക്കൂലിക്കാരനായ വിജിയും ഭാര്യ പ്രിയയും ഉറക്കമുണര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ചു. രക്ഷിതാക്കള്‍ കുട്ടിയെ ഇരുചക്രവാഹനത്തില്‍ കയറ്റി അവരുടെ സ്ഥലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ ആനക്കട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി. വഴിയില്‍ ആറ് കിലോമീറ്ററോളം വാഹനം കടന്നുപോകുമായിരുന്നില്ല. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ആന്റി വെനം ഡോസേജ് നല്‍കുകയും പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് വെല്ലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ചികിത്സയ്ക്കിടെ കുട്ടി മരിച്ചു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുവരാന്‍ ആംബുലന്‍സ് വാടകയ്ക്കെടുത്തു. എന്നാല്‍ ആംബുലന്‍സിന് ചെളി റോഡിലൂടെ കടന്നുപോകാന്‍ കഴിയാതെ വന്നതോടെ ആലേരി മലയടിവാരത്ത് നിര്‍ത്തുകയും കുട്ടിയുടെ മൃതദേഹം ചുമന്നാണ് വീട്ടിലെത്തിച്ചത്. കൃത്യമായ റോഡ് സൗകര്യം ഉണ്ടായിരുന്നെങ്കില്‍ പാമ്പ് കടിയേറ്റ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.