ന്യൂയോർക്ക് : ആണവാക്രമണമോ ഡേർട്ടി ബോംബ് ആക്രമണമോ മൂലമുണ്ടാകുന്ന റേഡിയേഷൻ മനുഷ്യശരീരത്തിൽ സൃഷ്ടിക്കുന്ന ദോഷകരമായ ഫലങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ മരുന്നിന്റെ മനുഷ്യരിലെ ട്രയൽ യു.എസിൽ ആരംഭിച്ചു.

റേഡിയേഷൻ മൂലമുള്ള വിഷബാധ തടയാനോ ചികിത്സിക്കാനോ ഉള്ള മാർഗ്ഗങ്ങൾ നിലവിൽ വളരെ പരിമിതമാണ്. അതിനാൽ ശരീരത്തിലുണ്ടാകുന്ന റേഡിയോ ആക്ടീവ് മലിനീകരണം നീക്കാൻ ശേഷിയുള്ള ഫലപ്രദമായ ഒരു മരുന്നിന്റെ ഗവേഷണം വിജയകരമായാൽ അത് വൈദ്യശാസ്ത്രത്തിലെ തന്നെ നാഴികകല്ലായി മാറുമെന്നതിൽ സംശയമില്ല.

42 പേരാണ് ആദ്യഘട്ട ട്രയലിൽ പങ്കെടുക്കുന്നത്. അടുത്ത വർഷം ട്രയലിന്റെ റിപ്പോർട്ട് ലഭ്യമാകുമെന്ന് കരുതുന്നു. എച്ച്.ഒ.പി.ഒ 14 – 1 എന്നാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ മരുന്നിന്റെ പേര്. എച്ച്.ഒ.പി.ഒ 14 – 1 ന് നിലവിൽ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ഇല്ല. അതുകൊണ്ട് തന്നെ അടിയന്തര ഉപയോഗത്തിന് ഇവ ലഭ്യമല്ല.

ഈ മരുന്നിന് അണുപ്രസരണത്തിന്റെ ഇരകളായവരിൽ റേഡിയോ ആക്ടീവ് ഘടകങ്ങളെ പൊതിഞ്ഞ് അവയെ ശരീരത്തിൽ നിന്ന് നീക്കി സംരക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. യുറേനിയത്തിനും ആണവായുധങ്ങളിലും ഡേർട്ടി ബോംബുകളിലും ബാലിസ്റ്റിക് മിസൈലുകളിലുമടങ്ങിയിരിക്കുന്ന മറ്റ് പദാർത്ഥങ്ങൾക്കും എതിരെ ഇത് ഫലപ്രദമാകുമെന്ന് കരുതുന്നു. ലെഡ് വിഷബാധയേയും ആണവ അപകടങ്ങളെയും ചെറുക്കാൻ ഇത് സഹായിച്ചേക്കും.

റേഡിയോളജിക്കൽ ഡിസ്പേഴ്സൽ ഡിവൈസുകളാണ് ‘ ഡേർട്ടി ബോംബ് ‘ എന്നറിയപ്പെടുന്നത്. ഡൈനാമൈറ്റ് പോലുള്ള പരമ്പരാഗത സ്‌ഫോടക വസ്തുക്കൾക്കൊപ്പം യുറേനിയം, നെപ്ട്യൂണിയം പോലുള്ള റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ സംയോജിപ്പിച്ച് നിർമ്മിക്കുന്ന ആയുധമാണിത്.

ഡേർട്ടി ബോംബ് ആണവായുധമല്ലെങ്കിലും ഇവ പുറത്തുവിടുന്ന വികിരണം അനുസരിച്ചാണ് ദോഷഫലങ്ങൾ. ഡേർട്ടി ബോംബുകളുടെ പരീക്ഷണം നടന്നിട്ടുണ്ടെങ്കിലും ലോകത്ത് ഇതുവരെ ഉപയോഗിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ഭാവിയിൽ അത്തരമൊരു സാദ്ധ്യത തള്ളാനാകില്ല.

റേഡിയേഷന് മനുഷ്യരുടെ ഡി.എൻ.എ, കോശങ്ങൾ, അവയവങ്ങൾ എന്നിവയെ തകർക്കാനാകും. ഇത് ക്യാൻസർ പോലുള്ള മാരക രോഗങ്ങളിലേക്കും വഴിവയ്ക്കും. റേഡിയോ ആക്ടീവ് പ്ലൂട്ടോണിയം, അമേരിസിയം, ക്യൂറിയം എന്നിവയുമായി സമ്പർക്കത്തിൽ വരുന്നവരെ ചികിത്സിക്കാൻ നിലവിൽ ഇൻജക്ഷൻ രൂപത്തിലെ രണ്ട് വ്യത്യസ്ത മരുന്നുകളുണ്ട്. എച്ച്.ഒ.പി.ഒ 14 – 1 ഓറൽ ഡ്രഗ് ആണ്. അയഡിൻ ടാബ്ലെറ്റ്, പ്രഷ്യൻ ബ്ലൂ എന്നിവയും റേഡിയോ ആക്ടീവ് ഘടകങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്.