അമേരിക്കയിലെ ഹ്യൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ ജോസ് പുന്നൂസിന്റെയും കേണൽ ആലിസ് ജോസിന്റെയും സ്വപ്നപദ്ധതിയായ “ഓർമ്മ വില്ലേജ് ‘ ൽ പണികഴിപ്പിച്ച 5 വീടിൻറെ താക്കോൽദാനം മേയ് 21 ഞായറാഴ്ച 5 മണിക്ക് നിർവ്വഹിക്കുകയാണ്.

ജോസിന്റെയും ആലീസിന്റെയും ആദ്യകാല സമ്പാദ്യത്തിൽ നിന്നും പത്തനാപുരത്തിന് അടുത്ത് പാണ്ടി തിട്ടയിൽ വാങ്ങിയ ഒരേക്കർ സ്ഥലത്താണ് പതിനഞ്ചു വീടുകളും ഡയാലിസിസ് സെന്ററും കുട്ടികൾക്കായുള്ള കളിസ്ഥലവും ഉൾപ്പെടുന്നതാണ് ” ഓർമ്മ വില്ലേജ് “. ജോസിന്റെയും ആലീസിന്റെയും മാതാപിതാക്കളുടെ ഓർമ്മയ്ക്കായാണ് നിർദ്ധനരായ വീടില്ലാത്ത വിധവകളായവർക്ക് വേണ്ടി വീട് നിർമ്മിച്ച് നൽകുന്നത് .

ഏകദേശം ഒരു കോടിയോളം വിലമതിക്കുന്ന സ്ഥലത്ത് 15 വീടുകളിൽ ആദ്യ ഘട്ടമായ അഞ്ചു വീടുകളുടെ താക്കോൽ ദാനമാണ് മെയ് 21 ന് നടക്കുന്നത്. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, റോഷി അഗസ്റ്റിൻ, കൊടിക്കുന്നിൽ സുരേഷ് എം പി, പത്തനാപുരം എം എൽ എ ബി. ഗണേഷ് കുമാർ, മുൻ മന്ത്രി മോൻസ് ജോസഫ് എം.എൽ.എ, പാലാ എം എൽ എ മാണി സി കാപ്പൻ, ലുലു ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എം എ യൂസഫലി, ഫ്ലവേഴ്സ് ചാനൽ ചെയർമാൻ ആർ ശ്രീകണ്ഠൻ നായർ, സിനിമാതാരം സുരാജ് വെഞ്ഞാറമൂട്, ഫോമാ മുൻ പ്രസിഡന്റ് അനിയൻ ജോർജ് തുടങ്ങി ഒട്ടേറെ വിശിഷ്ടാതിഥികൾ താക്കോൽ ദാന പരിപാടിയിൽ പങ്കെടുക്കും.

ജോസ് ആലീസ് ദമ്പതികളുടെ മകളായ ജസ്ലീൻ ജോസ്, ഡോക്ടർ ജിഷ ജോസ് എന്നിവരുടെ മനസ്സിലെ സ്വപ്ന സാക്ഷാത്കാരംകൂടിയാണ് പാവങ്ങൾക്കായി നിർമ്മിക്കുന്ന ഓർമ്മ വില്ലേജ് ” ലെ 15 വീടുകൾ.

കേരളത്തിൽ എത്തിയിട്ടുള്ള എല്ലാ അമേരിക്കൻ മലയാളികളെയും താക്കോൽദാന ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി ജോസ് പുന്നൂസും കേണൽ ആലീസും അറിയിച്ചു.

വാർത്ത: രാജു ശങ്കരത്തിൽ