കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മെയ്‌10, 11 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. അതേസമയം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂന മർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു.  വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിക്കുന്ന അതി തീവ്ര ന്യൂന മർദ്ദം  ഇന്ന് ( മെയ്‌ 10)  രാത്രിയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തുടർന്ന് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മെയ്‌ 11 രാവിലെയോടെ തീവ്രചുഴലിക്കാറ്റായും മെയ്‌ 11ന്  അർധരാത്രിയോടെ അതി തീവ്രചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മെയ്‌ 12ന്  രാവിലെ വടക്ക് – വടക്ക് കിഴക്ക് ദിശ മാറി മെയ്‌ പതിമൂന്നോടെ ശക്തി കുറയാൻ സാധ്യത. മെയ്‌ 14ന്  രാവിലെ ബം​ഗ്ലാദേശിലെ കോക്സ് ബസാറിനും മ്യാൻമറിലെ ക്യാക്പ്യുവിനും ഇടയിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.