കൊച്ചി: കൊട്ടാരക്കരയിൽ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. ഡോക്ടറുടെ കൊലപാതകം ഏറെ ദുഖകരമാണെന്ന് കോടതി പറഞ്ഞു. അതേസമയം, പോലീസിന്‍റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലെയെന്നും എന്തിനാണ് പോലീസിന് തോക്കെന്നും കോടതി ചോദിക്കുകയുണ്ടായി. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഡോക്ടർ വന്ദനയ്ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.

ഒപ്പം ഈ കൊലപാതകം നടന്ന താലൂക്ക് ആശുപത്രി സന്ദർശിച്ച് സ്ഥലം മജിസ്ട്രേറ്റ് നാളെ രാവിലെ തന്നെ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതികളെ മജിസ്ട്രേറ്റുമാർക്ക് മുന്നിൽ ഹാജരാക്കുമ്പോഴുളള അതേ സുരക്ഷാ ക്രമീകരണങ്ങൾ ഡോക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോഴും വേണമെന്ന് കോടതി പറഞ്ഞു. അതിനുളള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. അതേസമയം, നാളെ രാവിലെ പത്ത് മണിക്ക് ഇതേ കേസ് കോടതി വീണ്ടും പരിഗണിക്കും.

സംഭവത്തിൽ മരണപ്പെട്ട ഡോ. വന്ദനയുടെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താങ്ങാനാകാത്ത സംഭവമാണെന്ന് അറിയാമെന്നും കൊല്ലപ്പെട്ട വന്ദനയ്ക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നതായും ഹൈക്കോടതി പറഞ്ഞു. രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ എന്ന് ചോദിച്ച കോടതി ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടുകയല്ലേ വേണ്ടതെന്നും സംസ്ഥാന സർക്കാരിനോട് ചോദിച്ചു.

സുരക്ഷാ സംവിധാനങ്ങൾ എന്തിനാണ്. സംഭവങ്ങളെ മുൻകൂട്ടി കാണാൻ സാധിക്കണം. ഇത്തരം സംഭവങ്ങൾ ഭാവിയിലും പ്രതീക്ഷിക്കണം. സുരക്ഷ ഏർപെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്. അത് സർക്കാരാണ് ചെയ്യേണ്ടതാണെന്നും കോടതി വ്യക്തമാക്കി.